സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ഫോർഷോർ റോഡിലെ ട്രൈബൽ കോംപ്ലക്സിലും പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും മന്ത്രി കെ.എ.തുളസി അപ്രതീക്ഷിത പരിശോധന നടത്തി. സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പില്ലാതെ സന്ദർശനം എത്തിയത്.
ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളും മന്ത്രി നേരിട്ട് പരിശോധിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കീഴിലുള്ള പരമ്പരാഗത തൊഴിലാളികളുടെ ഉൽപന്നങ്ങൾക്കായുള്ള പ്രദർശന-വിൽപന കേന്ദ്രമായ ‘കൈതോലം’ ഹെറിറ്റേജ് ഷോപ്, അട്ടപ്പാടി ഫാർമിങ് കോഓപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ എന്നിവയാണ് മന്ത്രി സന്ദർശിച്ചത്.
വിവിധ ഗോത്രവർഗ ഉൽപന്നങ്ങൾ പരിശോധിച്ച മന്ത്രി, കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് വിപണി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
കൂടാതെ, ട്രൈബൽ കോംപ്ലക്സിൽ പ്രവർത്തനരഹിതമായി കിടക്കുന്ന റൂമുകൾ, സെമിനാർ ഹാൾ, ഡോർമിറ്ററി എന്നിവ കൂടുതൽ പ്രയോജനപ്രദമാകുന്ന രീതിയിൽ നവീകരിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ആരാഞ്ഞു. തുടർന്ന് ഫോർഷോർ റോഡിലുള്ള പട്ടികവർഗ വികസന വകുപ്പ് വനിതാ ഹോസ്റ്റലിലെത്തിയ മന്ത്രി, മെസ് ഹാൾ, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ശുദ്ധജല വിതരണ സംവിധാനം, താമസ മുറികൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു.
അന്തേവാസികളായ കുട്ടികളുമായി സംസാരിച്ച മന്ത്രി അവരുടെ ക്ഷേമാന്വേഷണങ്ങളും നടത്തി. കുട്ടികളുടെ പഠന പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തി റിപ്പോർട്ട് ചെയ്യണമെന്ന് ഹോസ്റ്റൽ വാർഡന് മന്ത്രി കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ വിവിധ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും സ്കൂളുകളിലും മന്ത്രി സമാനമായ രീതിയിൽ മിന്നൽ സന്ദർശനങ്ങൾ നടത്തിയിരുന്നു. ഈ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾക്കും ബുദ്ധിമുട്ടുകൾക്കും ഇതിനോടകം തന്നെ സർക്കാർ അർഹമായ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
പരിശോധനാ വേളയിൽ മന്ത്രിയോടൊപ്പം പ്രൈവറ്റ് സെക്രട്ടറി എം.എസ്.ഇർഷാദ്, പട്ടികവർഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ, പിന്നാക്ക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ജി.സിദ്ധാർഥ്, എസ്.ഷബ്ന, ജില്ലാ പട്ടികവർഗ വികസന ഓഫിസർ മനോജ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

