ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്ക. ‘നിര്‍ബന്ധിത തൊഴില്‍’ വഴി ചൂഷണം ചെയ്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എന്ന പേരിലാണ് പുതിയ നടപടി.
ഈ പുതിയ നയപ്രകാരം ഇന്ത്യയെ 10 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ 12.5 ശതമാനം ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, ഇത് രാജ്യത്തിന് നേരിയ ആശ്വാസമായി മാറി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് ആണ് 60 വ്യാപാര പങ്കാളികള്‍ക്കുമേല്‍ പുതിയ തീരുവകള്‍ പ്രഖ്യാപിച്ചത്. ആഗോള വിതരണ ശൃംഖലയില്‍ നിന്ന് നിര്‍ബന്ധിത തൊഴില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വിഷയത്തില്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്ന ലോകത്തിലെ ഏക രാജ്യം തങ്ങളാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം 12.5% തീരുവ നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നെങ്കിലും, തൊഴില്‍ സംബന്ധമായ വിഷയങ്ങളില്‍ അമേരിക്കയുമായി നടത്തിയ അനുകൂലമായ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയെ 10 ശതമാനം വിഭാഗത്തിലേക്ക് മാറ്റിയത്.
യുണൈറ്റഡ് കിങ്ഡം, കാനഡ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്സിക്കോ, അര്‍ജന്റീന, കംബോഡിയ, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ജോര്‍ദാന്‍, മലേഷ്യ, പാകിസ്ഥാന്, ശ്രീലങ്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവയാണ് ഇന്ത്യയോടൊപ്പം ഈ കുറഞ്ഞ തീരുവ സ്ലാബിലുള്ള മറ്റ് 16 രാജ്യങ്ങള്‍. എങ്കിലും, യൂറോപ്യന്‍ യൂണിയന്, തായ്വാന്, ജപ്പാന്, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവകള്‍ക്ക് പുറമെ 10 അല്ലെങ്കില്‍ 12.5 ശതമാനം നികുതി അധികമായി ചുമത്തും.
ഈ കുറഞ്ഞ നിരക്കില്‍ ഉള്‍പ്പെടാത്ത മറ്റ് രാജ്യങ്ങള്‍ക്ക് മുഴുവന്‍ 12.5 ശതമാനം നികുതി നല്‍കേണ്ടി വരും. അതേസമയം, നിലവില്‍ പ്രത്യേക തീരുവയുള്ള ഉരുക്ക്, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ പുതിയ തീരുമാനം ബാധകമായിരിക്കില്ല.
അമേരിക്കയുടെ ഭാഗത്തുനിന്ന് 12.5% തീരുവ ഭീഷണി ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ, അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇന്ത്യ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉയര്‍ന്ന തീരുവ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മ്മിച്ച സാധനങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും രാജ്യം പുറത്തിറക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

