നഗരത്തിൽ പൊതുനിരത്തുകളും നടപ്പാതകളും വ്യാപകമായി കയ്യേറി നടത്തുന്ന അനധികൃത വഴിവാണിഭത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാഴൂർ റോഡിൽ കുരിശുമൂട് മുതൽ തെങ്ങണ വരെയുള്ള ഭാഗത്താണ് പ്രധാനമായും ഇത്തരം കയ്യേറ്റങ്ങൾ ഉള്ളത്.
പുതുതായി ടൈൽ പാകി വൃത്തിയാക്കിയ ഇടങ്ങളിൽ പോലും അനധികൃത കച്ചവടങ്ങൾ സജീവമാണ്. ഇവിടെ നിന്നും വാഹനങ്ങളിൽ എത്തി സാധനങ്ങൾ വാങ്ങുന്നവർ റോഡിൽ തന്നെ വാഹനങ്ങൾ നിർത്തുന്നത് മൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇത് കാൽനടയാത്രക്കാരുടെ യാത്രയും ദുസ്സഹമാക്കുന്നുണ്ട്. അനധികൃത ഫുട്പാത്ത് വ്യാപാരവും കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ഓഫ് ചങ്ങനാശേരി പൊതുയോഗം ചേർന്നു.
പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോ ആന്റണി, കുര്യൻ തൂമ്പുങ്കൽ, എം.കെ.ജോസഫ്, പിന്റോ ആന്റണി, സിബി മുക്കാടൻ, ജോസഫ്കുട്ടി പുറവാടി, തോമസ് ആന്റണി, ബിജി തച്ചങ്കരി, ജോസി ചക്കാല, ബിനു എബ്രഹാം എന്നിവർ സംസാരിച്ചു.
വലിയ തുക സെക്യൂരിറ്റിയും വാടകയും വൈദ്യുതി ചാർജും നികുതികളും നൽകി ലൈസൻസോടുകൂടി നിയമപരമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഈ അനധികൃത വഴിയോരക്കച്ചവടങ്ങൾ പ്രവർത്തിക്കുന്നത്. ബൈപാസ് റോഡിലും എംസി റോഡിലും എസി റോഡിലും സ്ഥിരമായി ഷെഡ് കെട്ടിയാണ് കച്ചവടം നടക്കുന്നത്.
ഉച്ചകഴിഞ്ഞ് നാല് മണി കഴിഞ്ഞാൽ നഗരത്തിൽ തട്ടുകടകൾ റോഡിലേക്കിറക്കി പ്രവർത്തനം ആരംഭിക്കുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് എസി റോഡിൽ നഗരസഭാപരിധിയിൽ വഴിയോരക്കച്ചവടം അനുവദിച്ചിരുന്നെങ്കിലും റോഡിന്റെ ചുമതലയുള്ള കെഎസ്ടിപി ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല.
എങ്കിലും പലരും എസി റോഡ് കയ്യടക്കുകയായിരുന്നു. ബൈപാസ് റോഡിൽ വ്യാപകമായി ഷെഡുകൾ ഉയരുന്നുണ്ട്.
നിലവിൽ ഇവിടെ വഴിയോരക്കച്ചവടം നടത്തുന്നവർ തന്നെ പലയിടത്തായി ഷെഡ് കെട്ടി മറിച്ച് വാടകയ്ക്ക് നൽകുന്നുണ്ടെന്നും വ്യാപാരികൾ ആരോപിക്കുന്നു. പ്രധാന റോഡുകളിൽ കൂണുപോലെ മുളയ്ക്കുന്ന വഴിയോരക്കച്ചവടങ്ങൾക്കു പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുമുണ്ടെന്നും ചിലരുടെ ബെനാമി കച്ചവടമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
കോട്ടയം നഗരസഭ സ്വീകരിച്ച മാതൃകാപരമായ നടപടികൾ ചങ്ങനാശേരിയിലും നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നഗരസഭയും പൊലീസും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
വലിയകുളം ജംക്ഷന്റെ വികസനത്തിനു പിന്നാലെ വഴിയോരക്കച്ചവടക്കാർ ഇവിടവും പൂർണ്ണമായി കയ്യടക്കിയിരിക്കുകയാണ്. അപകടങ്ങൾ കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ് ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ച വലിയകുളം ജംക്ഷനിലാണ് ഈ അനധികൃത കച്ചവടങ്ങൾ നിറഞ്ഞിരിക്കുന്നത്.
ഇന്റർലോക്ക് കട്ടകൾ വിരിച്ച നടപ്പാതകളും റോഡിന്റെ വശങ്ങളും കയ്യേറിയാണ് കച്ചവടം പുരോഗമിക്കുന്നത്. നടപ്പാതകൾ പലതും സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ പാർക്കിങ് സ്ഥലമായി മാറിക്കഴിഞ്ഞു.
ഈ അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും കാരണം വാഹനയാത്രക്കാരുടെ കാഴ്ച മറയുന്നത് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്ത് വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

