കോഴിക്കോട്∙ ദയനീയമായ ജീവിത സാഹചര്യം നേരിടുന്ന കൊമ്മേരി നീലങ്ങാളിത്താഴം സ്വദേശിയായ വ്യക്തിക്ക് മെച്ചപ്പെട്ട ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അടിയന്തര ഇടപെടൽ നടത്തി.
വിഷയം ഗൗരവത്തിലെടുത്ത കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്, രോഗിയുടെ സഹോദരങ്ങളെ നേരിട്ടു വിളിച്ചുവരുത്തി കർശന നിർദ്ദേശങ്ങൾ നൽകി. കമ്മിഷന്റെ ഉത്തരവുകൾ ബന്ധപ്പെട്ടവർ ആത്മാർത്ഥമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസർ പ്രത്യേക നിരീക്ഷണം നടത്തേണ്ടതാണ്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉത്തരവ് ലഭിച്ച് രണ്ട് മാസത്തിനകം ജില്ലാ സാമൂഹിക നീതി ഓഫിസർ കമ്മിഷന് സമർപ്പിക്കണം.
മെഡിക്കൽ കോളജ് എസ്എച്ച്ഒ, ജില്ലാ സാമൂഹിക നീതി ഓഫിസർ എന്നിവരിൽ നിന്നും കൃത്യമായ റിപ്പോർട്ട് തേടിയ ശേഷമാണ് കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ലീഗൽ ഗാർഡിയനായ സഹോദരി, മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന സഹോദരന് മതിയായ ചികിത്സയും മികച്ച ജീവിത സാഹചര്യങ്ങളും ഒരുക്കി നൽകേണ്ടതാണ്.
ഇതിന്റെ ഭാഗമായി വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസ്ഥലം, പോഷകസമൃദ്ധമായ ഭക്ഷണം, കാലാനുസൃതമായ മാനസികാരോഗ്യ ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി. കൂടാതെ, രോഗിയുടെ പിതാവിന്റെ കുടുംബ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഇതിനായി ആവശ്യമായ രേഖകൾ കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർക്ക് സമർപ്പിച്ച് അനുകൂലമായ ഇടപെടലുകൾ നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുപ്രവർത്തകനായ കൊമ്മേരി സ്വദേശി എൻ.അഭിറാം സമർപ്പിച്ച പരാതിയിൻമേലാണ് കമ്മിഷന്റെ ഈ നിർണ്ണായക ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

