ഇന്ധനവില ദിവസേന പുതുക്കി നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും കമ്മീഷൻ വർധനവ് ആവശ്യപ്പെട്ടും പാക്കിസ്ഥാനിൽ പെട്രോൾ പമ്പുടമകൾ പണിമുടക്കിലേക്ക്. എന്നാൽ സമരത്തെച്ചൊല്ലി വ്യാപാരികളുടെ സംഘടനയായ ഓൾ പാക്കിസ്ഥാൻ പെട്രോളിയം പമ്പ് ഓണേഴ്സ് അസോസിയേഷനിൽ (എപിപിപിഒഎ) ചേരിതിരിവ് ശക്തമായി.
അർധരാത്രി മുതൽ രാജ്യമൊട്ടാകെയുള്ള 15,000-ത്തോളം പമ്പുകൾ അടച്ചിടുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചപ്പോൾ, സമരം ഒഴിവാക്കിയതായി മറ്റൊരു വിഭാഗം അവകാശപ്പെട്ടു. വില പ്രതിദിനം മാറ്റിനിശ്ചയിക്കുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും, കമ്മീഷനിൽ 8% വർധനവ് അനുവദിക്കണമെന്നുമാണ് പമ്പുടമകളുടെ പ്രധാന ആവശ്യം.
എന്നാൽ ഈ ആവശ്യങ്ങൾ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്, പെട്രോളിയം സെക്രട്ടറി യാക്കൂബ് ഷെയ്ഖ് എന്നിവർ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാത്ത സാഹചര്യത്തിൽ അർധരാത്രി മുതൽ പമ്പുകൾ അടച്ചിടുമെന്ന് അസോസിയേഷൻ ചെയർമാനും വൈസ് ചെയർമാനും വ്യക്തമാക്കി.
അതേസമയം, നിലവിലെ വിലക്കയറ്റത്തിനിടയിൽ പമ്പുകൾ അടച്ചിടുന്നത് ജനങ്ങൾക്ക് കൂടുതൽ ദുരിതമാകുമെന്നതിനാൽ സമരം വേണ്ടെന്നുവെച്ചതായി അസോസിയേഷൻ ഇൻഫർമേഷൻ സെക്രട്ടറി നദീം അസീസ് ഖാൻ പറഞ്ഞു. അന്താരാഷ്ട്ര ക്രൂഡോയിൽ വില വിലയിരുത്തി രണ്ടാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് പ്രതിദിന വില പരിഷ്കരണമെന്നും വിജയിച്ചില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ വാദം അസോസിയേഷനിലെ മറുവിഭാഗം പൂർണ്ണമായും തള്ളിക്കളഞ്ഞു. പാക്കിസ്ഥാനിൽ കടുത്ത പണപ്പെരുപ്പത്തിനിടെ ഇന്ധനവില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്.
ജൂൺ 19-ന് ലിറ്ററിന് 299 പാക്കിസ്ഥാനി രൂപയായിരുന്ന പെട്രോൾ വില നിലവിൽ 327.12 രൂപയിലെത്തി. ഡീസൽ വില 311.78 രൂപയിൽ നിന്ന് 375.04 രൂപയായും ഉയർന്നു.
കഴിഞ്ഞ ദിവസം മാത്രം പെട്രോളിന് 6.29 രൂപയും ഡീസലിന് 7.83 രൂപയുമാണ് വർധിപ്പിച്ചത്. ഹോർമുസ്, ചെങ്കടൽ പാതകളിലെ തടസ്സങ്ങൾ കാരണം ക്രൂഡോയിൽ, എൽഎൻജി, എൽപിജി ഇറക്കുമതി നടത്തുന്നതിൽ പാക്കിസ്ഥാൻ വൻ പ്രതിസന്ധി നേരിടുന്നുണ്ട്.
നിലവിൽ അമേരിക്ക, നൈജീരിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉയർന്ന വില നൽകിയാണ് പാക്കിസ്ഥാൻ ഇന്ധനം എത്തിക്കാൻ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

