സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ മാലിന്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും ഒഴിവാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറി. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്പെയ്സ് (സ്ക്രാപ് പ്രോസസിങ് ഫോർ ഏരിയ ക്ലീനപ് ആൻഡ് എൻഹാൻസ്മെന്റ്) പദ്ധതി പ്രകാരമാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഏറ്റെടുത്താണ് ഈ സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സ്റ്റേഷന് മുന്നിൽ തുരുമ്പെടുത്ത് കിടന്നിരുന്ന വാഹനങ്ങൾ ഒരുവശത്തേക്ക് ഒതുക്കി മാറ്റുകയും, ആക്രിയായി മാറിയ വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഒഴിവാക്കിയ സ്ഥലത്ത് പൂച്ചട്ടികൾ സ്ഥീപിച്ച് മനോഹരമാക്കിയിട്ടുണ്ട്. 1986-ൽ നിർമ്മിച്ച സ്റ്റേഷൻ കെട്ടിടത്തിന് പുതിയ പെയിന്റ് പൂശുകയും ശുചിമുറികൾ ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥർ ഓരോ സ്റ്റേഷനുകൾ ഏറ്റെടുത്ത് നവീകരിക്കണമെന്ന നിർദ്ദേശപ്രകാരമാണ് സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലത വെസ്റ്റ് സ്റ്റേഷൻ ദത്തെടുത്തത്.
സ്റ്റേഷനിലെ പഴയ പേപ്പർ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം ഫയലുകൾ എല്ലാം അടുക്കും ചിട്ടയോടെയും ക്രമീകരിച്ചു. കൂടാതെ, ഫർണിച്ചറുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ ഫർണിച്ചറുകൾക്കായി ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് വാങ്ങുമെന്ന് സിഐ എസ്.വി. ആശിഷ് വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഷൻ അടുത്തിടെ ഡിജിപി റാവാഡാ ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ സിറ്റി പൊലീസ് കമ്മിഷണറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

