ദേശാഭിമാനി വാരാന്തപ്പതിപ്പിലേക്ക് വരുന്ന ലേഖനങ്ങളെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കേണ്ട കാര്യമില്ലെന്ന് പത്രത്തിന്റെ റസിഡന്റ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജ് വ്യക്തമാക്കി.
കെ.ആർ. അജയനെതിരെ നടപടിയെടുത്തിട്ടില്ലെന്നും ഏതെങ്കിലും ജീവനക്കാരനെതിരെ നടപടി എടുത്താൽപോലും മറ്റുള്ളവർക്ക് അതിൽ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
വാരാന്തപ്പതിപ്പിലേക്കു വരുന്ന ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കരിക്കും ചിലതു മാറ്റിവയ്ക്കും. അതു പത്രത്തിന്റെ അവകാശമാണ്.
അതൊന്നും പുറത്തു വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം.സ്വരാജ് പറഞ്ഞു.
ദേശാഭിമാനി എന്തു കൊടുക്കണമെന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്. അതിന് ഞങ്ങൾക്കു സംവിധാനമുണ്ട്.
ഒരു നാടകക്കാരനെ സംബന്ധിച്ചുള്ള ലേഖനം ഞങ്ങളുടെ മുന്നിലുള്ള വിഷയമേ അല്ല. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാൻ വൈകിയത്.
ലേഖനം ഒഴിവാക്കാനാണ് അച്ചടി വൈകിയെന്ന വാർത്തയും അച്ചടിച്ചു വിതരണം ചെയ്തില്ല എന്ന പ്രചാരണവും തെറ്റാണ്. ഇക്കാര്യത്തിൽ ആർക്കുമെതിരെ നടപടി എടുത്തിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
അതേസമയം, വാരാന്തപ്പതിപ്പിന്റെ ചുമതല ആർക്കാണെന്ന ചോദ്യത്തിന് അത് പത്രത്തിന്റെ ആഭ്യന്തര വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, നാടകപ്രവർത്തകനുമായി ബന്ധപ്പെട്ട
‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന ഫീച്ചർ തയാറാക്കിയത് വാരാന്തപ്പതിപ്പിനു വേണ്ടിയാണെന്ന് സ്ഥിരീകരിച്ച് മാധ്യമപ്രവർത്തകനായ ടി.സി.രാജേഷ് സിന്ധു രംഗത്തെത്തി. ന്യൂസ് എഡിറ്റർ കെ.ആർ.അജയന്റെ അനുവാദത്തോടെയാണ് ലേഖനം തയാറാക്കി ഫോട്ടോ സഹിതം വാരാന്തപ്പതിപ്പിന്റെ ഇ-മെയിലിലേക്ക് അയച്ചതെന്നും രാജേഷ് വ്യക്തമാക്കുന്നു.
അത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്ന പ്രശ്നം തങ്ങൾക്കു മുന്നിൽ ഉണ്ടായിരുന്നില്ലെന്ന് റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞതിനു പിന്നാലെയാണ് ടി.സി.രാജേഷ് സമൂഹമാധ്യമത്തിൽ വിശദീകരണവുമായി എത്തിയത്. അത്തരമൊരു ലേഖനമില്ലെന്ന് എം.സ്വരാജ് പറഞ്ഞതിൽ അസ്വാഭാവികത തോന്നിയില്ലെന്നും റസിഡന്റ് എഡിറ്റർ കണ്ടിരിക്കണമെന്ന് നിർബന്ധമുണ്ടാകില്ലെന്നുമാണ് കരുതിയതെന്നുമാണ് രാജേഷ് വ്യക്തമാക്കുന്നത്.
വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് തയാറാക്കിയ വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാതിരുന്നതാണ് വിവാദമായത്.
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടോടെ മറ്റൊരു ലേഖനം മറ്റൊരു പേജിൽ വന്നതു മൂലമാണ് വാരാന്തപ്പതിപ്പു വൈകിയതെന്നാണ് പുറത്തുവന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

