തിരുവനന്തപുരം വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിലുണ്ടായ സംഘർഷത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഈ സംഭവത്തിലെ രണ്ടാമത്തെ മരണമാണിത്. നേരത്തെ സംഘത്തിലുണ്ടായിരുന്ന നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങി ബാറിലെത്തിയ അനീഷ്, ബാറിനുള്ളിൽ തീ കൊളുത്തുകയായിരുന്നു. ഇതിനിടയിലാണ് അനീഷിനും ഗുരുതരമായി പൊള്ളലേറ്റത്.
ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
വെമ്പായം ബാറിലുണ്ടായ അപ്രതീക്ഷിത സംഘർഷവും തുടർന്നുണ്ടായ ദാരുണ സംഭവങ്ങളും പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.

