ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കൊപ്പം സ്വന്തം നിലയിൽ വലിയൊരു ‘തീരുവയുദ്ധത്തിന്’ കൂടി കളമൊരുക്കി യുഎസ് ഭരണകൂടം. ഇന്ത്യയടക്കം 60ഓളം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധികത്തീരുവ ചുമത്തുവാൻ ഔദ്യോഗികമായി തീരുമാനമായതായി യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ എല്ലാ രാജ്യങ്ങൾക്കും അമേരിക്ക ചുമത്തിവരുന്ന 10 ശതമാനം തീരുവയുടെ കാലാവധി വരുന്ന ജൂലൈ 24ന് അവസാനിക്കുകയാണ്.
ഇതിനു പിന്നാലെയാണ് പുതിയ നയങ്ങളുമായി വാഷിംഗ്ടൺ രംഗത്തെത്തുന്നത്. കയറ്റുമതി രംഗത്തും ഫാക്ടറികളുടെ പ്രവർത്തനങ്ങളിലും തൊഴിൽ മേഖലയിലും വിവേചനവും ചൂഷണവും നടക്കുന്നുണ്ടെന്നാരോപിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ സെക്ഷൻ 301 പ്രകാരം യുഎസ് വിവിധ അന്വേഷണങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഈ അന്വേഷണങ്ങളിൽ കുറ്റം കണ്ടെത്തിയെന്ന് ആരോപിച്ചാകും പുതിയ തീരുവകൾ നടപ്പിലാക്കുക. ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ, ഇന്തൊനീഷ്യ, മലേഷ്യ, കംബോഡിയ, തായ്ലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്വാൻ, ബംഗ്ലദേശ്, മെക്സിക്കോ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രസീലിനുമേൽ അമേരിക്ക 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് – ചെങ്കടൽ മേഖലകളിലെ പ്രതിസന്ധികളും ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ നീക്കം.
അതേസമയം, ക്രൂഡോയിൽ വില വർധന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണയനിധി (ഐഎംഎഫ്) രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ജിഡിപി വളർച്ചാ അനുമാനം നേരത്തെ 6.5 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി ഐഎംഎഫ് താഴ്ത്തിയിരുന്നു.
ഇതിനുപുറമെ എൽ-നിനോ ആഘാതവും രാജ്യത്തെ സാമ്പത്തികമായി തളർത്തിയേക്കാം. നിർമിത ബുദ്ധി രംഗത്തെ മേധാവിത്വത്തിനായി ചൈനയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ കൊണ്ടുവന്നേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും സൂചന നൽകിയിട്ടുണ്ട്.
ചൈനീസ് സ്റ്റാർട്ടപ്പായ മൂൺഷൂട്ട് എഐ പുറത്തിറക്കിയ ‘കിമി കെ3’ എന്ന പുതിയ മോഡൽ ആഗോളതലത്തിൽ തരംഗമായത് ഓപ്പൺഎഐ, ആന്ത്രോപ്പിക് തുടങ്ങിയ യുഎസ് കമ്പനികൾക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അമേരിക്കൻ സാങ്കേതികവിദ്യ മോഷ്ടിച്ചാണ് ചൈന ഇത്തരം മുന്നേറ്റങ്ങൾ നടത്തുന്നതെന്നാണ് വാഷിംഗ്ടണിന്റെ പ്രധാന ആരോപണം.
ഇറാനെതിരെയുള്ള സമാധാന ശ്രമങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ആക്രമണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ ചെങ്കടലിൽ ഹൂതികൾ കപ്പൽ ഉപരോധം ശക്തമാക്കിയതോടെ ക്രൂഡോയിൽ വിലയും കുതിച്ചുയരുകയാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.01 ശതമാനം വർധിച്ച് 91.01 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 0.37 ശതമാനം ഉയർന്ന് 84.65 ഡോളറിലുമാണ്.
ചെങ്കടൽ വഴി ഇന്ത്യയിലേക്കും ചൈനയിലേക്കും വരികയായിരുന്ന രണ്ട് എണ്ണ ടാങ്കറുകൾ ആക്രമണ ഭയത്താൽ തിരികെപ്പോയതായും റിപ്പോർട്ടുകളുണ്ട്. സൗദിയിൽ നിന്ന് ചൈനയിലേക്ക് തിരിച്ച ‘ഷിൻ ലോങ് യാങ്’, ഇന്ത്യയിലേക്ക് പുറപ്പെട്ട
‘റോഡോസ്’ എന്നീ കപ്പലുകളാണ് യാത്ര റദ്ദാക്കിയത്. ഹോർമുസ് കടലിടുക്കിന് സമാനമായ പ്രതിസന്ധി ചെങ്കടലിലും രൂപപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഹോർമുസിലെ കപ്പൽ ആക്രമണങ്ങളെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡും (എംആർപിഎൽ) ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചതായി വിവരമുണ്ട്. അതേസമയം, ഇറാനെതിരെ തൽക്കാലം നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിക് സംസാരിക്കവെ വ്യക്തമാക്കിയത് ഇപ്രകാരമാണ്:
‘‘യുഎസ് നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കും. നേരിട്ട് തൽക്കാലം ആക്രമണങ്ങൾക്കില്ല.
ഇസ്രയേലിന് അനുയോജ്യമായ സ്ട്രാറ്റജി ഇപ്പോൾ ഇതാണ്’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

