കുംഭമേളയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പാലാരിവട്ടം പൊലീസിന് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. നേരത്തെ കോടതി അനുവദിച്ച സംരക്ഷണം റദ്ദാക്കിയിരുന്നു.
എന്നാൽ, നിലവിൽ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നേരിട്ടെത്തി രേഖാമൂലം അപേക്ഷ നൽകിയ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. അപേക്ഷ പരിഗണിച്ച് പെൺകുട്ടിയുടെ സുരക്ഷയ്ക്കായി വനിതാ എഎസ്ഐയെ നിയോഗിച്ച വിവരം പൊലീസ് കോടതിയെ അറിയിച്ചു.
തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 19-ന് സംരക്ഷണം അനുവദിച്ചിരുന്നു.
എങ്കിലും, പെൺകുട്ടിയെ നൽകിയിരിക്കുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും നിരന്തരം കാണാതാവുകയാണെന്നും കാണിച്ച് സർക്കാർ റിപ്പോർട്ട് നൽകിയതോടെയാണ് സംരക്ഷണം പിൻവലിച്ചത്. മുഹമ്മദ് ഫർമാൻ എന്ന വ്യക്തിയുമായുള്ള വിവാഹത്തിന് ശേഷം കൊലവിളി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കി.
ഇവർ കേരളത്തിൽ വെച്ചാണ് വിവാഹിതരായത്. ഫർമാനെതിരെ പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ നൽകിയ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ഇതിനെതിരെ ഇരുവരും ഹൈക്കോടതിയിൽ നിന്നും ട്രാൻസിറ്റ് ജാമ്യം നേടിയിരുന്നു. തങ്ങളുടെ ജനന സർട്ടിഫിക്കറ്റിലെ തിരുത്തലുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയിലും ഹർജി നിലവിലുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജീവന് ഭീഷണിയുണ്ടെന്ന ഹർജി പരിഗണിച്ചാണ് കോടതി വീണ്ടും സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

