ഹിറ്റ് ആൻഡ് റൺ കേസുകളിൽ പ്രതികളെയും വാഹനങ്ങളെയും കണ്ടെത്താൻ അതത് ജില്ലകളിൽ പ്രത്യേക പോലീസ് സ്ക്വാഡുകൾ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി ഗിരീഷ് ആണ് ഇതുസംബന്ധിച്ച സുപ്രധാന നിർദേശം നൽകിയത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ സ്ക്വാഡുകൾ പ്രവർത്തിക്കുക. അപകടമുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ സാധിക്കാത്തത് കാരണം ഇരകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതി ഇടപെടൽ.
സമർപ്പിക്കപ്പെട്ട മൂന്ന് ഹർജികളിലാണ് ഈ ഉത്തരവ്.
പ്രധാന നിർദേശങ്ങൾ: ജില്ലാതലത്തിൽ രൂപീകരിക്കുന്ന സ്ക്വാഡുകൾ തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങൾ വേഗത്തിൽ സ്ക്വാഡുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകണം.
അന്വേഷണത്തിന് സൈബർ പോലീസിന്റെ സഹായം ഉറപ്പാക്കണമെന്നും, പൊതുജനങ്ങൾക്ക് വിവരം അറിയിക്കാൻ സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ക്രൈംബ്രാഞ്ചിന്: കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട
സംഭവം, നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാറിടിച്ചു വീഴ്ത്തിയ സംഭവം, തിരുവനന്തപുരം കല്ലമ്പലത്ത് 60 വയസ്സുകാരന്റെ മരണത്തിനിടയാക്കിയ അപകടം എന്നീ കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ കോടതി നിർദേശിച്ചു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ കേസുകൾ അന്വേഷിക്കണം.
നിയമഭേദഗതിയുടെ ആവശ്യകത: ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി പരിഗണിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. 2021-ലെ ഹിറ്റ് ആൻഡ് റൺ മോട്ടർ ആക്സിഡന്റ് സ്കീം പ്രകാരമുള്ള നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് ആലോചിക്കാവുന്നതാണെന്നും, ഇതിനായി പിഴത്തുകയോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ വിഹിതം കണ്ടെത്താമെന്നും കോടതി നിർദേശിച്ചു. തുടർ നടപടികൾക്കായി ഉത്തരവിന്റെ പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവർക്ക് അയച്ചുനൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

