കോട്ടയം ജില്ലയിൽ വർധിച്ചുവരുന്ന മോഷണങ്ങൾക്കും ലഹരി ഉപയോഗത്തിനും തടയിടാൻ കർശന നടപടികളുമായി പൊലീസ്. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തി രാത്രികാല പട്രോളിങ് വ്യാപിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു നിർദേശം നൽകി.
ജില്ലയിലെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളുമായി ചർച്ചകൾ നടത്താൻ അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (SHO) അദ്ദേഹം നിർദേശം നൽകി. നിലവിൽ ജില്ലയിൽ 450 റസിഡന്റ്സ് അസോസിയേഷനുകളാണ് പ്രവർത്തിക്കുന്നത്.
അസോസിയേഷനുകൾ ഇല്ലാത്ത ഇടങ്ങളിൽ പൊലീസ് മുൻകൈയെടുത്ത് പുതിയവ രൂപീകരിക്കും. നഗരമധ്യത്തിൽ അടുത്തിടെയുണ്ടായ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ മോഷണ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ ക്രമീകരണം.
സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു വിശദീകരിക്കുന്നത് ഇങ്ങനെ:
കൊലപാതകവും സുരക്ഷാ വീഴ്ചയും
“കുറച്ചുകാലമായി ജില്ല ശാന്തമാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല.
പൊലീസിന്റെ ജാഗ്രതയ്ക്കൊപ്പം ജനവും സദാ ഉണർന്നിരിക്കുന്നതിനാലാണ് ഇത്. നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഒറ്റപ്പെട്ട
സംഭവമാണ്. പെട്ടെന്നുണ്ടായ പ്രകോപനം ആയിരുന്നു.
സംഭവ സ്ഥലത്തിന്റെ 100 മീറ്റർ അരികിൽ പൊലീസ് പട്രോളിങ് സംഘം ഉണ്ടായിരുന്നു. അവരാണ് കുത്തേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ രക്ഷിക്കാനായില്ല. പട്രോളിങ് കൂടുതൽ ശക്തമാക്കും.”
മോഷണക്കേസുകളിലെ അന്വേഷണം
ജില്ലയിൽ മോഷണങ്ങൾ വർധിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കിയത് ഇപ്രകാരമാണ്: “മൺസൂണിന്റെ മറവിൽ മോഷണങ്ങൾ ഉണ്ടാകുന്നുണ്ട്.
എന്നാൽ ഇതിലെ പ്രതികളെ കൃത്യമായി പിടികൂടാനും കഴിയുന്നുണ്ട്. 90 ശതമാനം കേസുകളിലെയും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞു.
ചങ്ങനാശേരിയിൽ 6 ബൈക്കുകൾ കണ്ടെത്തി. തലയോലപ്പറമ്പ് ഇടവട്ടത്തെ മോഷണത്തിലും പ്രതിയെ പിടികൂടി.
സമീപജില്ലകളിലെ കേസുകളിലെ പ്രതികളെയും പിടിക്കുന്നുണ്ട്. 5 വർഷത്തിനിടെ ജയിലിൽ നിന്നിറങ്ങിയ മോഷണക്കേസ് പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
സമീപകാല മോഷണക്കേസ് പ്രതികളെ ട്രാക്ക് ചെയ്യാനും ശ്രമിക്കുന്നുണ്ട്. മോഷണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിലാണ് എന്നും ശ്രദ്ധ.”
പൊലീസ് സംവിധാനത്തിലെ മാറ്റങ്ങൾ
പൊലീസ് പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് കെ.എം.സാബു മാത്യു വ്യക്തമാക്കി.
“ഏറ്റവും വിശ്വാസമുള്ള ഇന്റലിജൻസ് സംവിധാനമായി പൊലീസിനെ ജനത്തിന് സഹായിക്കാനാകും. അതിന്റെ ഭാഗമായി ജനമൈത്രി പൊലീസിങ് അഴിച്ചുപണിയുകയാണ്.
ഓരോ സ്റ്റേഷന്റെയും പരിധിയിലെ ബീറ്റുകൾ ജനവുമായി ഏറ്റവും അടുത്ത് പൊലീസ് എത്തുന്ന തരത്തിൽ പുനഃക്രമീകരിക്കും. ബീറ്റ് ഓഫിസറെയും അസിസ്റ്റന്റ് ബീറ്റ് ഓഫിസറെയും നിയമിക്കും.
ഓപ്പറേഷൻ തൂഫാന്റെയും നിയമവിരുദ്ധ– ക്രിമിനൽ പ്രവർത്തനങ്ങളെ തടയുന്നതിന്റെയും ക്രമസമാധാന പ്രശ്നങ്ങൾ വേഗത്തിൽ അറിയുന്നതിന്റെയും പ്രധാന സ്രോതസ്സായി ജനത്തെ മാറ്റും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

