പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റമുണ്ടായത്. റിസർവേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്ത യുവതിയാണ് ടിടിഇയെ മർദിച്ചതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു യുവതി.
ഇവർ എസ്5 കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ഫറൂഖ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞതിന് ശേഷം പരിശോധനയ്ക്കെത്തിയ പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്ത്, യുവതിയോട് ടിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കൈവശമുണ്ടായിരുന്നത് ജനറൽ ടിക്കറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന്, റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും മാറി വനിതാ കമ്പാർട്ട്മെന്റിലേക്ക് പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതയായ യുവതി ടിടിഇയെ മർദിച്ചുവെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ ഷൊർണൂർ റെയിൽവേ പോലീസിൽ സുജിത്ത് പരാതി നൽകുകയും തുടർന്ന് ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇരുപക്ഷത്തിന്റെയും പരാതികൾ സ്വീകരിച്ച പോലീസ്, ഇവർക്കെതിരെ പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

