വാഹന ഇന്ധനങ്ങളിൽ എഥനോൾ ചേർക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരിക്കെ, പാചക ആവശ്യങ്ങൾക്കായി എഥനോൾ ഉപയോഗപ്പെടുത്താനുള്ള നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. നിലവിൽ ഉപയോഗിച്ചുവരുന്ന എൽപിജി സിലിണ്ടറുകൾക്ക് ബദലായി ‘എഥനോൾ ഗ്യാസ്’ വ്യാപിപ്പിക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട പുതിയ നയരൂപീകരണ നടപടികൾ മന്ത്രാലയം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
സെപ്റ്റംബറോടെ ഈ നയം ഔദ്യോഗികമായി പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് പ്രത്യേക സബ്സിഡികൾ നൽകും.
കൂടാതെ, എഥനോൾ ലഭ്യത ഉറപ്പാക്കുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ സാമ്പത്തിക സഹായം നൽകും. ഇതിന്റെ ഭാഗമായി കന്നാസുകളിൽ എഥനോൾ ശേഖരിക്കാൻ സഹായിക്കുന്ന ‘എഥനോൾ എടിഎമ്മുകൾ’ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ഇന്ത്യയുടെ പാചകവാതക ആവശ്യകതയുടെ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടത് രാജ്യത്തെ പാചകവാതക വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ബുക്കിങ് ഇടവേളകൾ വർധിപ്പിച്ചുമാണ് ഈ സാഹചര്യം സർക്കാർ നേരിട്ടത്. ഈ പ്രതിസന്ധി മറികടക്കാൻ എൽപിജിക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനം എന്ന നിലയിലാണ് എഥനോളിനെ സർക്കാർ കാണുന്നത്.
ഇതിനായി എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പുകൾ നിർമിക്കുന്നതിനുള്ള ഗവേഷണങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട
വ്യവസായ സ്ഥാപനങ്ങളോടും ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോളാണ് കലർത്തുന്നത്.
ഇത് 25 ശതമാനമാക്കി ഉയർത്താൻ ആലോചിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻമാറുകയായിരുന്നു. അതേസമയം, ആവശ്യത്തിലധികം എഥനോൾ ഉൽപാദിപ്പിക്കാൻ നിലവിൽ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കുന്നുണ്ട്.
പ്രതിവർഷം 2000 കോടി ലിറ്റർ എഥനോൾ ഉൽപാദിപ്പിക്കുമ്പോൾ, പെട്രോളിയം ആവശ്യങ്ങൾക്കും മദ്യം, മരുന്ന്, രാസവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനുമായി ആകെ 1450 കോടി ലിറ്റർ മാത്രമാണ് രാജ്യത്ത് ആവശ്യമായി വരുന്നത്. അധികമുള്ള 700 കോടി ലിറ്റർ എഥനോൾ നേപ്പാൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യ പദ്ധതിയിടുന്നു.
പാചക ആവശ്യങ്ങൾക്കായി എൽപിജിക്ക് പകരം എഥനോളിലേക്കും വൈദ്യുതിയിലേക്കും മാറുന്നതിലൂടെ 2050 എത്തുമ്പോഴേക്കും രാജ്യത്തിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ധന ഇറക്കുമതി ചെലവ് കുറയുന്നതിനൊപ്പം എൽപിജി സബ്സിഡി ഇനത്തിലുള്ള സർക്കാർ ചെലവുകളും ഇതിലൂടെ വലിയൊരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

