അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് കൈമാറി.
മുദ്രവച്ച കവറിലാണ് ഈ രേഖ സമർപ്പിച്ചത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി.
അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കൂടുതൽ സമയം ആവശ്യമാണെന്നും എസ് ഐ ടി വൃത്തങ്ങൾ വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വി എച്ച് പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ സംസ്ഥാന സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ ഇടപെടലുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്ത് നൽകി.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് സമാനമായ കത്ത് അയച്ചിട്ടുണ്ട്.
ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അയോധ്യയിലെ സംഭവങ്ങളിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിന് മറുപടിയെന്നോണം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

