ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം ലയണൽ മെസ്സി കളിക്കളത്തിലെ പ്രകടനത്തിനൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളിലും മുൻപന്തിയിലാണ്. ഫോബ്സ് പുറത്തുവിട്ട
കണക്കുകൾ പ്രകാരം മെസ്സിയുടെ ആകെ ആസ്തി 110 കോടി ഡോളറാണ്. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഇത് ഏകദേശം 10,591 കോടി രൂപയോളം വരും.
കായിക ലോകത്തെ ചുരുക്കം ചില ബില്യനയർമാരുടെ പട്ടികയിലാണ് അർജന്റീനിയൻ സൂപ്പർതാരം ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. വരുമാനത്തിന്റെ സ്രോതസ്സുകൾ
2008-ൽ ആദ്യമായി ഫോബ്സിന്റെ സമ്പന്നരായ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച മെസ്സി, 1.19 കോടി ഡോളറായിരുന്നു അന്ന് വരുമാനമായി നേടിയിരുന്നത്.
എന്നാൽ പിന്നീട് ബാർസിലോനയുമായുള്ള കരാറുകളും തുടർന്നുള്ള കരിയർ വളർച്ചയും അദ്ദേഹത്തിന്റെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. നിലവിൽ ഇന്റർ മയാമി ക്ലബ്ബിൽ നിന്ന് മാത്രം 7-8 കോടി ഡോളർ വരെ താരം പ്രതിഫലമായി കൈപ്പറ്റുന്നുണ്ട്.
ഇതിനു പുറമെ ക്ലബ്ബിൽ ചേർന്നപ്പോൾ ലഭിച്ച വലിയ ജോയിനിങ് ബോണസും വിരമിക്കുമ്പോൾ ലഭിക്കാനിരിക്കുന്ന ഓഹരി വിഹിതവും താരത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നു. ബ്രാൻഡ് കരാറുകളും ബിസിനസ് നിക്ഷേപങ്ങളും
അഡിഡാസ്, ആപ്പിൾ, മാസ്റ്റർകാർഡ്, ലെയ്സ് തുടങ്ങി ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു ഡസനോളം ബ്രാൻഡുകളുമായി മെസ്സിക്ക് കരാറുണ്ട്.
ഇതിൽ അഡിഡാസുമായുള്ള സഹകരണത്തിലൂടെ മാത്രം പ്രതിവർഷം ഏകദേശം 240 കോടി രൂപ അദ്ദേഹത്തിന് ലഭിക്കുന്നു. പരസ്യങ്ങളിലൂടെയും കരാറുകളിലൂടെയും മാത്രം 674 കോടി രൂപയുടെ വരുമാനമാണ് താരം നേടുന്നത്.
നിക്ഷേപങ്ങളും സ്വത്തുക്കളും
റിയൽ എസ്റ്റേറ്റ് മേഖലയിലും മെസ്സി തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 2024-ൽ ആരംഭിച്ച ‘എഡിഫിഷിയോ റോസ്റ്റ്ടവർ സോഷിമി’ എന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റിന് 28.2 കോടി ഡോളർ വിപണി മൂല്യമാണുള്ളത്.
കൂടാതെ എംഐഎം ഹോട്ടൽ ശൃംഖലയിലെ പങ്കാളിത്തവും അർജന്റീനിയൻ റസ്റ്ററന്റ് ചെയിനായ ‘എൽ ക്ലബ് ഡി ലാ മിലാനേസ’യിലെ നിക്ഷേപങ്ങളും മെസ്സിയുടെ ബിസിനസ് തന്ത്രങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ യുഎസ്, സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിലായി ഏഴിലധികം ആഡംബര വീടുകളും പതിനഞ്ചോളം ആഡംബര കാറുകളും താരത്തിന്റെ പേരിലുണ്ട്.
നിയമനടപടികളും സാമ്പത്തിക മാനേജ്മെന്റും
താരത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് പിതാവായ ജോർജ് മെസ്സി ആണ്. എന്നാൽ, 2016-ൽ ഷെൽ കമ്പനികൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സ്പാനിഷ് കോടതി ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് 40 ലക്ഷം ഡോളർ പിഴയൊടുക്കിയാണ് അന്ന് ഇവർ കേസിൽ നിന്ന് ഒഴിവായത്. കായിക ലോകത്തെ ബില്യനയർമാരായ ലെബ്രോൺ ജെയിംസ്, ടൈഗർ വുഡ്സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളിൽ തന്റേതായ ഇടം കണ്ടെത്താൻ മെസ്സിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

