വിതുര പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏഴ് കാട്ടുപന്നികളുടെ ജഡങ്ങളാണ് പരിസരപ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയത്.
പന്നികൾക്ക് മാരകമായ വൈറസ് ബാധയുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ചത്ത നിലയിൽ കണ്ടെത്തിയ പന്നികൾക്ക് വിഷബാധയേറ്റതാണോയെന്നും സംശയമുണ്ട്.
പലയിടങ്ങളിലും ജലാശയങ്ങൾക്ക് സമീപവും ചത്തുകിടക്കുന്ന ജഡങ്ങൾ ദിവസങ്ങളോളം നീക്കം ചെയ്യാതെ കിടക്കുന്നത് വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ജഡങ്ങൾ അഴുകി ഈച്ചശല്യം വർധിച്ചത് പകർച്ചവ്യാധികൾ പടരുമോ എന്ന ഭീതിയും ജനങ്ങളിൽ സൃഷ്ടിക്കുന്നുണ്ട്.
വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും, നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

