മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണത്തിലെ കാലതാമസത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് കാരണമെന്ന് മുൻ ജപ്പാൻ നീതിന്യായ മന്ത്രി ഹിഡെകി മകിഹാര ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട
ചർച്ചകളിൽ പങ്കെടുത്ത ഇന്ത്യൻ ഉദ്യോഗസ്ഥരും മന്ത്രിയും തികച്ചും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പെരുമാറിയതെന്നും, ജാപ്പനീസ് റെയിൽവേ സാങ്കേതികവിദ്യയായ ഷിൻകാൻസൻ പദ്ധതിയുടെ ചർച്ചകൾക്കിടയിൽ ഇവർ നിരന്തരം വാഗ്ദാനങ്ങൾ ലംഘിച്ചതായും അദ്ദേഹം വ്യക്തമാക്കി. ടോക്കിയോ ആസ്ഥാനമായ ഒരു ബിസിനസ്സ് മാധ്യമത്തിൽ വന്ന ലേഖനത്തോടുള്ള പ്രതികരണമായി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഹിഡെകി മകിഹാര ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും, ചർച്ചകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. “ഒരു വാഗ്ദാനം നൽകിയാൽ അത് അടുത്ത നിമിഷം തന്നെ മാറ്റുന്നതായിരുന്നു ഇന്ത്യൻ രീതി.
അന്നത്തെ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ മന്ത്രിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഏറ്റവും മുകളിലിരിക്കുന്നയാൾ അങ്ങനെയാകുമ്പോൾ എങ്ങനെയാണ് മാന്യമായ ഇടപാടുകൾ സാധ്യമാവുകയെന്നും മകിഹാര ചോദിക്കുന്നു.
പദ്ധതിക്ക് വേണ്ടി ആത്മാർത്ഥമായി അധ്വാനിച്ച എല്ലാ ജാപ്പനീസ് ഉദ്യോഗസ്ഥരുടെയും അഭിമാനത്തിന് വേണ്ടി താൻ ഇത് തുറന്നുപറയുകയാണെന്നും പദ്ധതി വൈകിയതിന് നൂറു ശതമാനവും ഉത്തരവാദികൾ ഇന്ത്യക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജപ്പാൻ റെയിൽവേ എൻജിനീയറായ ഇസാവോ സുജിമുറ എഴുതിയ ലേഖനമാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം.
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഷിൻകാൻസൻ മാതൃകയിൽ നിന്നും വ്യതിചലിച്ചാണ് നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ പദ്ധതി പൂർത്തിയാക്കുമെന്ന വാഗ്ദാനം യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും സുജിമുറ വ്യക്തമാക്കി.
കൂടാതെ, 2026 ജൂലൈയിൽ ജപ്പാൻ പ്രധാനമന്ത്രി സനായ് താകൈച്ചി ഇന്ത്യ സന്ദർശിച്ചിട്ടും പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും മകിഹാര ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ആരോപണങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും നിഷേധിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും, നിലവിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്താൻ ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ഇടനാഴിയുടെ പണി അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും, പദ്ധതിയുടെ ആദ്യഘട്ട സർവീസ് 2027 ഓഗസ്റ്റ് 15-ഓടെ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

