കോഴിക്കോട്: ദേശീയതലത്തിൽ ഏറ്റവുമധികം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാതല മത്സരങ്ങൾ അസൗകര്യങ്ങൾ നിറഞ്ഞ മൈതാനങ്ങളിൽ നടക്കുന്നതായി വ്യാപക പരാതി. സുബ്രതോ കപ്പ് ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം കേരളം ദേശീയ കിരീടം സ്വന്തമാക്കിയപ്പോൾ, ആ ടീമിലെ അംഗങ്ങൾ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.
എന്നാൽ, ഇത്തവണത്തെ ജില്ലാതല മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന മൈതാനങ്ങളുടെ അവസ്ഥ കായികതാരങ്ങളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്ന് ആരോപണമുയരുന്നു. പതിനൊന്നുപേർ കളിക്കേണ്ട
ഫുട്ബോൾ മത്സരങ്ങൾ സെവൻസ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന മൈതാനങ്ങളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മൈതാനത്തിന്റെ പകുതിയോളം ഭാഗത്ത് പുല്ല് മുട്ടറ്റം വളർന്നുനിൽക്കുകയാണ്.
ബാക്കി ഭാഗങ്ങൾ കല്ലും മണ്ണും നിറഞ്ഞ പരുക്കൻ പ്രതലവുമാണ്. കളിസ്ഥലത്തിന്റെ ശോചനീയാവസ്ഥ കാരണം പരുക്കേൽക്കുമെന്ന ആശങ്കയോടെയാണ് വിദ്യാർഥികൾ മത്സരത്തിനിറങ്ങുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സുബ്രതോ കപ്പിന്റെ അണ്ടർ 17 മത്സരങ്ങൾ സാമൂതിരി സ്കൂൾ മൈതാനത്തും, അണ്ടർ 15 മത്സരങ്ങൾ പെരുവയൽ സ്കൂൾ മൈതാനത്തുമാണ് നടക്കുന്നത്. മത്സരങ്ങൾക്ക് തൊട്ടുമുമ്പുള്ള ദിവസം വൈകിട്ടാണ് ഇത് സംബന്ധിച്ച വിവരം സ്കൂളുകളെ അധികൃതർ അറിയിച്ചത്.
മൈതാനങ്ങളുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന പല സംഭവങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കളിത്തിരക്കിനിടെ പന്ത് ഗോൾപോസ്റ്റിന് പിന്നിലെ അഴുക്കുവെള്ളം നിറഞ്ഞ ഓവുചാലിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായി.
വൈകിട്ട് നടന്ന മത്സരത്തിനിടെ ഓവുചാലിലൂടെ ചേര ഇഴഞ്ഞുപോവുന്നത് കണ്ട വിദ്യാർഥികൾ കളി നിർത്തി മാറിനിൽക്കുന്ന സാഹചര്യവും ഉണ്ടായി.
കൂടാതെ, മൈതാനത്തിന് ആവശ്യമായ വലിപ്പമില്ലാത്തതിനാൽ പന്ത് പലപ്പോഴും തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് തെറിച്ചുപോകുന്നതും കളിക്ക് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ദേശീയ ജേതാക്കളായ ഫാറൂഖ് എച്ച്എസ്എസ് അധികൃതർ, പരുക്കൻ പ്രതലമുള്ള സെവൻസ് മൈതാനങ്ങളിൽ മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മുൻകൂട്ടി പരാതി നൽകിയിരുന്നു.
എന്നാൽ, മത്സരങ്ങൾക്ക് മൈതാനം അനുയോജ്യമാണെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ നൽകിയത്. പരാതികൾ അവഗണിച്ച് ഇന്നലെ രാവിലെ മത്സരം ആരംഭിക്കുകയും ചെയ്തു.
നിശ്ചയിച്ച മൈതാനങ്ങളിൽ തന്നെയായിരിക്കും മത്സരങ്ങൾ തുടരുകയെന്ന് അധ്യാപകർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

