എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ഉപയോഗിച്ചതിനെ തുടർന്ന് കാർ തകരാറിലായെന്ന പരാതിയിൽ റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പുറപ്പെടുവിച്ച വിധിയിൽ അതൃപ്തി രേഖപ്പെടുത്തി മാരുതി സുസുക്കി. വിഷയത്തിൽ നിയമപരമായ അടുത്തഘട്ട
നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. വിഷയത്തിന്റെ പശ്ചാത്തലം ഡോ.
പ്രേംരാജ് ദേവത് 2023-ൽ വാങ്ങിയ മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് കാറിൽ എഥനോൾ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ പ്രവർത്തനരഹിതമായെന്നായിരുന്നു പരാതി. ഏകദേശം 21,000 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം നിരന്തരം ഓഫാകുന്നത് പതിവായെന്നും, എഞ്ചിനിലും ഇന്ധന പൈപ്പുകളിലും വെളുത്ത ജെല്ലി പോലുള്ള പദാർത്ഥം അടിഞ്ഞുകൂടി ഇന്ധനപ്രവാഹം തടസ്സപ്പെട്ടതായും കണ്ടെത്തിയിരുന്നു.
കമ്മീഷന്റെ കണ്ടെത്തലുകൾ ഉപഭോക്താവിന്റെ പരാതി പരിഗണിച്ച റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ, വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും എതിരെ കർശന നിർദ്ദേശം നൽകി. വിപണിയിൽ ലഭ്യമാകുന്ന ഇന്ധനത്തിന് അനുയോജ്യമായ സാങ്കേതികവിദ്യ വാഹനത്തിൽ ഉറപ്പുവരുത്തേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
തുടർച്ചയായി സർവീസ് സെന്ററുകളിൽ എത്തിച്ചിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തിയ കമ്മീഷൻ, പുതിയ വാഹനം നൽകാൻ ഉത്തരവിട്ടു. വാഹനം മാറ്റി നൽകിയില്ലെങ്കിൽ വാഹനത്തിന്റെ വിലയായ 20,50,000 രൂപയും, മാനസിക പ്രയാസത്തിന് ഒരു ലക്ഷം രൂപയും, കോടതി ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ 21,60,000 രൂപയിലധികം നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു വിധി.
മാരുതി സുസുക്കിയുടെ പ്രതികരണം കമ്മീഷന്റെ ഉത്തരവിൽ വിയോജിപ്പ് പ്രകടിപ്പിച്ച കമ്പനി, സംഭവത്തിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് പ്രസ്താവന പുറത്തിറക്കി. പരാതിക്കാരന്റെ വാഹനം എഥനോൾ പെട്രോളിന് പൂർണ്ണമായും അനുയോജ്യമാണെന്ന് ഓണേഴ്സ് മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മാരുതി സുസുക്കി ചൂണ്ടിക്കാട്ടി.
കൂടാതെ, വാഹനത്തിൽ നിന്നും ശേഖരിച്ച ഇന്ധനത്തിൽ മായം കലർന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, പല നിർണ്ണായക വസ്തുതകളും ഉത്തരവിൽ ഉൾപ്പെട്ടിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും വിട്ടുവീഴ്ചയില്ലെന്നും, നിയമപരമായ മാർഗ്ഗങ്ങളിലൂടെ ഈ ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

