ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഈ കേസിലെ ഒന്നാം പ്രതി രാജൻ ജോസഫ് ആണ്, സിബി തോമസ് രണ്ടാം പ്രതിയുമാണ്. നേരത്തെ, ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ഈ മാസം 11-ന് രാത്രി എറണാകുളത്ത് വെച്ചാണ് അടൂർ പോലീസ് പിടികൂടിയത്.
തുടർന്ന് ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇയാൾക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുണ്ട്.
ഇതിനിടെ, വയനാട് ചൂരൽമല ദുരന്തബാധിതനായ നൗഫൽ നൽകിയ പരാതിയിലും രാജൻ ജോസഫ് പ്രതിരോധത്തിലായിരിക്കുകയാണ്. ടൗൺഷിപ്പിലെ വിള്ളലുമായി ബന്ധപ്പെട്ട
വിഷയത്തിൽ തനിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയും നിരന്തരം അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് നൗഫൽ വയനാട് എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തന്റെ വീടിന്റെ മുകൾഭാഗത്ത് വിള്ളൽ വീണ സംഭവത്തെ മുൻനിർത്തി യൂട്യൂബ് വഴി നടത്തുന്ന പ്രചരണങ്ങൾ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് നൗഫൽ വ്യക്തമാക്കി.
തുടർച്ചയായ അധിക്ഷേപം മൂലം ജോലി നഷ്ടപ്പെടുകയും മാനസികമായി താൻ ഏറെ തളരുകയും ചെയ്തതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

