അഞ്ചു വർഷത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് റാന്നി പുതിയ പാലം നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പാലത്തിന്റെ നിർമാണം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് പഴകുളം മധു എംഎൽഎ അറിയിച്ചു.
പദ്ധതി പൂർത്തിയാകുന്നതോടെ പമ്പാനദിക്ക് കുറുകെ നിർമിക്കുന്ന ഏറ്റവും നീളം കൂടിയ പാലമെന്ന നേട്ടം റാന്നിക്കു സ്വന്തമാകും. പദ്ധതിയുടെ പ്രത്യേകതകൾ
317 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയിലുമാണ് ഈ ആർച്ച് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പെരുമ്പുഴ, ഉപാസന എന്നീ ബോട്ടുജെട്ടിക്കടവുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാത. ആകെ 11 തൂണുകളാണ് പാലത്തിനുള്ളത്.
ഇതിൽ പെരുമ്പുഴ കരയിൽ മൂന്നും പേട്ട കരയിൽ രണ്ടും തൂണുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
കൂടാതെ ആറ്റിലെ മൂന്ന് തൂണുകളും പെരുമ്പുഴ കരയിലെ ഒരു തൂണും ഭാഗികമായി നിർമിച്ചിട്ടുണ്ട്. ഇവ പൂർത്തിയാക്കുന്നതിനൊപ്പം പേട്ട
കരയിൽ രണ്ട് തൂണുകൾ കൂടി പുതുതായി പണിയേണ്ടതുണ്ട്. 31.79 കോടി രൂപ ചെലവിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കലും മുന്നൊരുക്കങ്ങളും
പാലത്തിന്റെ സമീപന റോഡിനായി സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന അതിരുകല്ലുകൾ ചിലയിടങ്ങളിൽ നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇവ പുനഃസ്ഥാപിക്കാൻ ആവശ്യമായ സാഹചര്യത്തിൽ സർവേ വിഭാഗത്തിന്റെ സഹായം തേടുമെന്നും പഴകുളം മധു എംഎൽഎ വ്യക്തമാക്കി. ഭൂവുടമകൾ നിർമാണ പ്രവർത്തനങ്ങളോട് പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വൈദ്യുതി പോസ്റ്റുകളും ജലവിതരണ പൈപ്പുകളും റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ കെഎസ്ഇബിക്കും ജല അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാണ ഉദ്ഘാടന ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ, അംഗം ആരോൺ ബിജിലി പനവേലിൽ, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, സ്ഥിരസമിതി അധ്യക്ഷരായ സനോജ് മേമന, ആനി ജേക്കബ്, പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ രജീവ് താമരപ്പളളി, കാട്ടൂർ അബ്ദുൾ സലാം, സിബി താഴത്തില്ലത്ത്, തോമസ് അലക്സ്, എ.കെ.ലാലു, സാംജി ഇടമുറി, അനി വലിയകാല, ഷാജി നെല്ലിമൂട്ടിൽ, സജി നെല്ലുവേലിൽ, കെ.പി.തോമസ്, തോമസ് ഫിലിപ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

