ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്ക കൂടുതൽ ശക്തമാക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ തെക്കൻ തീരത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും ആക്രമണം തുടരുകയാണ്.
ഇതിനിടെ, കുവൈത്തിലും ബഹ്റൈനിലും ഇറാൻ ആക്രമണങ്ങൾ തുടരുന്നതായാണ് വിവരം. തെക്കൻ ഇറാനിലെ പ്രധാന നഗരങ്ങളായ ബന്ദർ അബ്ബാസ്, ചബഹാർ, അഹ്വാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നീണ്ട 90 മിനിറ്റ് നീണ്ടുനിന്ന രണ്ടാം ഘട്ട
ആക്രമണത്തിൽ ഇറാന്റെ ക്രൂസ് മിസൈൽ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ തെക്കൻ ഇറാനിൽ 35 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുദ്ധ സാഹചര്യത്തിൽ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് രംഗത്തെത്തി. “യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാൽ ദേശസുരക്ഷ സംരക്ഷിക്കാൻ സജ്ജമായിരിക്കണമെന്നും” അദ്ദേഹം പ്രസ്താവിച്ചു.
നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമാധാനത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും കനത്ത ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. സൈനിക നടപടികൾക്ക് പുറമെ, ഇറാനെതിരെ കർശന സാമ്പത്തിക ഉപരോധങ്ങളും അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാന്റെ സൈന്യത്തിന് രഹസ്യമായി ആയുധങ്ങൾ എത്തിച്ചുനൽകിയെന്ന് ആരോപിക്കപ്പെടുന്ന ഏഴ് വ്യക്തികൾക്കും വിവിധ സ്ഥാപനങ്ങൾക്കും എതിരെയാണ് ഉപരോധം പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണമാണ് ഈ നടപടിക്ക് പ്രകോപനമായത്.
ഇറാന്റെ ആയുധക്കടത്ത് ശൃംഖലകളെ പൂർണ്ണമായും തകർക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.
വിദേശ കമ്പനികളെയും ബാങ്കുകളെയും മറയാക്കി ഇറാൻ ആയുധക്കടത്ത് നടത്തുന്നതായാണ് അമേരിക്കയുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

