എഡ്ടെക് രംഗത്തെ പ്രമുഖ കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതിയിൽ നിന്ന് വലിയ തിരിച്ചടി. തന്റെ പേരിലുള്ള ആറുമാസത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി സിംഗപ്പൂർ ഹൈക്കോടതി തള്ളി.
കഴിഞ്ഞ മേയ് മാസത്തിലാണ് ആസ്തി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് ബൈജു രവീന്ദ്രനെതിരെ 6 മാസത്തെ തടവുശിക്ഷ സിംഗപ്പൂർ കോടതി വിധിച്ചത്. വിധിക്ക് പിന്നാലെ ഉടൻ കീഴടങ്ങാനും 70,500 ഡോളർ പിഴയായി കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ഇതോടെ, സിംഗപ്പൂരിൽ പ്രവേശിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഖത്തർ ഹോൾഡിങ്സ് നൽകിയ കേസിലാണ് ഈ നടപടി. 2024 മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും ആസ്തി വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ലെന്ന് വിലയിരുത്തിയാണ് കോടതിയലക്ഷ്യത്തിന് കോടതി ശിക്ഷ വിധിച്ചത്.
അതേസമയം, നിയമനടപടികൾ അവസാനിച്ചിട്ടില്ലെന്ന് ബൈജു രവീന്ദ്രന്റെ അഭിഭാഷകർ അറിയിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ മാത്രമാണ് നിലവിൽ തീരുമാനം വന്നിട്ടുള്ളതെന്നും അപ്പീൽ നടപടികൾ തുടർന്നും നടക്കുമെന്നും അവർ വ്യക്തമാക്കി.
അപ്പീൽ കോടതി വിധി ശരിവെച്ചാൽ മാത്രമേ ശിക്ഷ നടപ്പിലാകൂ എന്നും, നിലവിൽ ബൈജു രവീന്ദ്രൻ സിംഗപ്പൂരിലില്ലെന്നും ഭാവിയിൽ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വീണ്ടും നിയമവഴികൾ തേടുമെന്നും അഭിഭാഷകർ അറിയിച്ചു. ഏകദേശം 11,500 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രതിസന്ധിയിലാണ്.
യുഎസിലും ഇന്ത്യയിലുമായി കമ്പനിക്കെതിരെ നിരവധി നിയമനടപടികൾ നടന്നുവരുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ വൻ വളർച്ച കൈവരിച്ച ബൈജൂസ്, പിന്നീട് സാമ്പത്തിക അച്ചടക്കമില്ലായ്മയെ തുടർന്ന് പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

