സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യാൻ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവുണ്ടായതും, ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടായ കുറവും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയതായി അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വൈദ്യുതി വിപണിയിലെ അമിതമായ വിലക്കയറ്റവും പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. കൂടാതെ, വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുകൊടുക്കേണ്ടി വരുന്നതും തിരിച്ചടിയായി.
യുഡിഎഫ് ഭരണകാലത്ത് ഒപ്പുവെച്ച ദീർഘകാല കരാറുകൾ റദ്ദാക്കിയതും, സോളാർ വൈദ്യുതി രാത്രി സമയത്തേക്ക് സംഭരിച്ചുവെക്കാൻ കഴിയാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ എയർ കണ്ടീഷണറുകൾ, അലങ്കാര വിളക്കുകൾ തുടങ്ങിയവയുടെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ എല്ലാവിധ ഇടപെടലുകളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ സംസ്ഥാനത്ത് ഇന്നും പവർ കട്ടിന് സാധ്യതയുണ്ട്.
പ്രത്യേകിച്ച് വൈകുന്നേരങ്ങളിലെ പീക്ക് സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ലഭ്യമാകാത്തതിനെത്തുടർന്ന് ഇന്നലെ രാത്രി 07:15 മുതൽ 12:15 വരെ സംസ്ഥാന വ്യാപകമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതേ സാഹചര്യമാണ് ഇന്നും തുടരുന്നതെന്ന് കെ എസ് ഇ ബി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

