കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസ3 (MSCL-3) എന്ന ചരക്കു കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ നിന്നുള്ള വസ്തുക്കൾ കടലിലൂടെ ഒഴുകി വിഴിഞ്ഞം തീരത്തെത്തി. കടലിൽ ഒഴുകി നടന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ എട്ടു വള്ളങ്ങളിലായാണ് കരയിലെത്തിച്ചത്.
പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറഞ്ഞ ചാക്കുകളാണ് കണ്ടെടുത്തതെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. കടലിൽ മുങ്ങിക്കിടക്കുന്ന കണ്ടെയ്നറുകളിൽ ഒന്ന് കാലപ്പഴക്കം മൂലം തകർന്നതിനെത്തുടർന്നാണ് ഇവ പുറത്തേക്ക് ഒഴുകിയതെന്നാണ് പ്രാഥമിക നിഗമനം.
ചാക്കുകളിൽ യുഎഇ നിർമ്മിത പോളിപ്രൊപ്പലീൻ എന്ന് അറബിയിലും ഇംഗ്ലീഷ് ഭാഷകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ചാക്കിനും 25 കിലോഗ്രാം വീതമാണ് ഭാരം.
വിഴിഞ്ഞം തീരത്തുനിന്ന് ഏകദേശം 32 മുതൽ 50 വരെ നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ ഒഴുകിനടന്ന നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മീൻപിടിത്തത്തിന് പോയ മത്സ്യത്തൊഴിലാളികൾ ഏകദേശം മൂന്ന് മണിക്കൂറോളം അധ്വാനിച്ചാണ് 150 ഓളം ചാക്കുകൾ വള്ളങ്ങളിൽ കയറ്റി സുരക്ഷിതമായി കരയിലെത്തിച്ചത്.
2025 മേയ് 24-നാണ് ഈ ചരക്കു കപ്പൽ അപകടത്തിൽപ്പെട്ടത്. അപകടകരമായ 13 കണ്ടെയ്നറുകൾ ഉൾപ്പെടെ 640 ഓളം കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

