തൊളിക്കോട് പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിൽ പിടിഎ യോഗത്തിനിടെയുണ്ടായ സംഘർഷാവസ്ഥയെത്തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
യോഗ നടപടികൾക്കിടെ ഹെഡ്മിസ്ട്രസ് ലേഖ വിൽസണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. വൈദ്യസഹായം ലഭ്യമാക്കി യോഗം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് യോഗം താൽക്കാലികമായി നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ സ്കൂൾ ഹാളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്.
കെ.ജെ.ശ്രീജിത്ത് പ്രസിഡന്റായ മുൻ പിടിഎ കമ്മിറ്റിക്കെതിരെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന്, കഴിഞ്ഞ മാസം 23-ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കമ്മിറ്റി പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, പിരിച്ചുവിട്ട
കമ്മിറ്റി അംഗങ്ങൾ വീണ്ടും മത്സരിക്കുന്നതിനെതിരെ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ് പരാതി നൽകിയതോടെ തിരഞ്ഞെടുപ്പ് തീയതി നീട്ടിവെക്കുകയായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ, ഒരു വർഷത്തെ പൂർണ്ണമായ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ മുൻപ് കണക്കുകൾ അവതരിപ്പിച്ചതാണെന്നും ബാക്കിയുള്ളതാണ് സമർപ്പിക്കുന്നതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇതിനെച്ചൊല്ലിയുള്ള തർക്കം വാക്കേറ്റത്തിലേക്കും ഉന്തും തള്ളിലേക്കും നീങ്ങി.
മൈക്ക് പിടിച്ചുവാങ്ങുകയും തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പാനൽ ലിസ്റ്റ് നശിപ്പിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. വിവരമറിഞ്ഞ് ആര്യനാട്, വലിയമല, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സ്കൂളിന്റെ മികച്ച പ്രവർത്തനത്തെയും അക്കാദമിക് മികവിനെയും ഈ രാഷ്ട്രീയ പോര് പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. ജനാധിപത്യ രീതിയിൽ നടക്കേണ്ട
തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഒരു വിഭാഗം ശ്രമിച്ചതായി ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ആരോപിച്ചു. എന്നാൽ, നിലവിലെ വകുപ്പുതല നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും സ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ചിലർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്.സഞ്ജയൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

