കണ്ണൂർ പയ്യന്നൂരില്‍ ചികിത്സയ്ക്കിടെ ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തില്‍ നിർണായകമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ ലഭ്യത തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുന്നു. പ്രാഥമിക പരിശോധനയിൽ, കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകേണ്ട
സാഹചര്യമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയയ്ക്കിടെ അനസ്തീഷ്യ നൽകി പത്തു മിനിറ്റിനുള്ളിൽ തന്നെ കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയും ബോധരഹിതനാവുകയുമായിരുന്നു.
തുടർന്ന് അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ ചുണ്ടിലും താടിയിലുമുണ്ടായിരുന്ന മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അനസ്തേഷ്യ നല്കിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.
കേസിൽ പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ.
ആരതി എന്നിവരും അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു. ഇവർ നിലവിൽ ഒളിവിലാണെന്നും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും വിവരമുണ്ട്.
ഇവർ മൂന്നുപേരും അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. നിയമനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ഡിഎംഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലുള്ള ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

