പാക്ക് അധിനിവേശ കശ്മീരിലെ റാവലകോട്ടിൽ പ്രദേശവാസികൾക്ക് നേരെ പാക്ക് സുരക്ഷാ സേന നടത്തിയ അടിച്ചമർത്തലിനെ തുടർന്ന് സംഘർഷാവസ്ഥ രൂക്ഷമായി. സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് പേർ വെടിയേറ്റ് മരിച്ചതായാണ് പുറത്തുവരുന്ന വിവരം.
ബലോച്ച് സാധുനതി ജില്ലയിൽ കൊല്ലപ്പെട്ടവരിൽ സാഹിദ് മുഗൾ, സഫർ മുഗൾ, അർസലാൻ അക്ബർ എന്നിവരെ തിരിച്ചറിഞ്ഞു. റാവലകോട്ടിലെ മാറ്റിയൽ മിര ബസ് ടെർമിനലിൽ വെച്ചാണ് വാജിദ് ഹയാത്ത് എന്നയാൾ കൊല്ലപ്പെട്ടത്.
ഈ അക്രമ സംഭവങ്ങൾ മേഖലയിൽ പാക്ക് ഭരണകൂടത്തിനെതിരായ ജനരോഷം വർധിപ്പിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, അമേരിക്കയിലെ പാക്ക് അധിനിവേശ കശ്മീരി വംശജർ വൈറ്റ് ഹൗസിന് മുന്നിൽ ഒത്തുകൂടി രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത പ്രതിഷേധത്തിൽ, ജനവാസ മേഖലകളിൽ നിന്ന് പാക്ക് സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യമുയർന്നു. മേഖലയിലെ ഇന്റർനെറ്റ് നിരോധനം കാരണം നാൽപ്പത് ലക്ഷത്തോളം ആളുകൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. മേഖലയിലെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
2025-ൽ നേച്ചർ മാസിക പുറത്തുവിട്ട പഠനപ്രകാരം, ജനസംഖ്യയുടെ 66 ശതമാനവും കൃഷിയെയും കന്നുകാലി വളർത്തലിനെയും ആശ്രയിച്ച് കഴിയുന്നവരാണ്.
എന്നാൽ 57 ശതമാനത്തിലധികം കുടുംബങ്ങളും രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു. പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ 29 ശതമാനമാണെങ്കിൽ, മലയോര മേഖലകളിൽ ഇത് 90 ശതമാനം വരെയാണ്.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 39 ശതമാനം പേരും വളർച്ചാക്കുറവ് നേരിടുന്നുണ്ടെന്ന് പാക്കിസ്ഥാന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനിടെ, പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും പീഡനത്തിന്റെയും പ്രതിഫലനമാണ് നിലവിലെ പ്രതിഷേധങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതും ഇന്റർനെറ്റ് റദ്ദാക്കുന്നതുമായ പാക്ക് നടപടികളെ ഇന്ത്യ അപലപിച്ചു.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ക്രൂരമായി നേരിടുകയാണ് ഭരണകൂടമെന്നും, നിരായുധരായ ജനങ്ങൾക്ക് നേരെ മാരകായുധങ്ങൾ പ്രയോഗിക്കുന്ന പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

