കുബേരൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രി ഉമ ശങ്കരി താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം നേരത്തെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി ചികിത്സയുടെ നിലവിലെ അവസ്ഥയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിലവിൽ കീമോതെറാപ്പിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഉമ ശങ്കരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദിവസവും ചികിത്സ ആവശ്യമായി വരുന്നുണ്ടെന്നും വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളെ തരണം ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കി. “ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്, എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്.
എപ്പോഴും എന്നോടൊപ്പം നിന്നതിന് എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകർക്കും നന്ദി” എന്നാണ് ഉമ ശങ്കരി കുറിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായിരുന്ന താരം കുബേരൻ എന്ന ചിത്രത്തിന് പുറമെ വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
വിവാഹജീവിതത്തിലേക്ക് കടന്നതോടെ അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം, അപ്രതീക്ഷിതമായാണ് രോഗം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ വലിയ മാനസിക സംഘർഷമുണ്ടായെങ്കിലും, ഇപ്പോൾ യാഥാർഥ്യത്തെ ഉൾക്കൊണ്ട് ധൈര്യപൂർവ്വം ചികിത്സ തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

