ആലപ്പുഴയിലെ പുന്നമടയിലുള്ള റിസോർട്ടിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളുമായി പിടിയിലായ ശ്രീലങ്കൻ സ്വദേശിനി **നക്ഷാല (37)** ജുഡീഷ്യൽ കസ്റ്റഡിയിൽ. കോടതിയുടെ നിർദ്ദേശപ്രകാരം ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ നോർത്ത് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിലെ വിലാസത്തിലുള്ള വ്യാജ രേഖകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ആറു വർഷം മുൻപ് അഭയാർഥിയായി കാനഡയിൽ എത്തിയെന്നും, അവിടെ നിന്ന് വിമാനമാർഗ്ഗം നേപ്പാളിലെത്തി ഏജന്റിന്റെ സഹായത്തോടെ വ്യാജരേഖകൾ തരപ്പെടുത്തി റോഡ് മാർഗ്ഗം കേരളത്തിലെത്തുകയായിരുന്നുവെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തനിക്ക് കാനഡയിൽ പെർമനന്റ് റെസിഡന്റ് കാർഡും താൽക്കാലിക പാസ്പോർട്ടും (ബ്ലൂ പാസ്പോർട്ട്) ലഭിച്ചിരുന്നതായും, എന്നാൽ ഇവ നേപ്പാളിലെ ഏജന്റിന്റെ പക്കലാണെന്നുമാണ് നക്ഷാല നൽകിയ മൊഴി.
ശ്രീലങ്കയിൽ തുടരുന്ന മകന്റെ ജന്മദിനം ആഘോഷിക്കാനാണ് കേരളത്തിൽ എത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലാകുമ്പോൾ ഭർത്താവും മകനും തമിഴ്നാട്ടിൽ അഭയാർഥികളായി കഴിയുന്ന മറ്റ് ശ്രീലങ്കൻ സ്വദേശികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അടുത്ത മാസം മൂന്നാറിൽ വെച്ച് ജന്മദിനം ആഘോഷിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഇവർ പറഞ്ഞു. റിസോർട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കൃത്യമായ രേഖകൾ ഉണ്ടായിരുന്നതിനാൽ അവരെ കസ്റ്റഡിയിലെടുത്തില്ല.
എന്നാൽ, നക്ഷാലയുടെ മൊഴികളിൽ പൊലീസ് പൂർണ്ണ വിശ്വാസമർപ്പിച്ചിട്ടില്ല. ഏഴു വർഷം മുൻപ് വ്യാജരേഖ ഉപയോഗിച്ച് ഇവർ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
കാനഡയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യശുദ്ധിയിലും, മുൻപ് പാസ്പോർട്ടിനായി അപേക്ഷിച്ചതിന്റെ കാരണങ്ങളിലും വിശദമായ അന്വേഷണം നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

