സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പൊലീസ് സേനയുടെ ആവശ്യങ്ങൾക്കായി വിട്ടുനൽകിയ ടാക്സി വാഹനങ്ങളുടെ വാടക ഇനത്തിൽ വൻ തുക കുടിശ്ശിക. അഞ്ച് മാസം പിന്നിട്ടിട്ടും അർഹമായ പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് വാഹന ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
43 ലക്ഷം രൂപയാണ് നിലവിൽ സർക്കാർ ഇവർക്ക് നൽകാനുള്ളത്. ജില്ലയിൽ നിന്ന് ബസുകൾ, ജീപ്പുകൾ, കാറുകൾ അടക്കം 103 വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് കാലയളവിൽ പൊലീസ് സേവനത്തിനായി വിനിയോഗിച്ചത്.
ഇതിൽ 30 വാഹനങ്ങൾക്കുള്ള തുക മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ബാക്കിയുള്ള ഓരോ വാഹന ഉടമകൾക്കും 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് ലഭിക്കാനുള്ളത്.
മാർച്ച് 15-ന് വൈകിട്ട് പൊലീസിന്റെ നിർദേശപ്രകാരം പുത്തൂർവയൽ എആർ ക്യാംപിലെത്തിച്ച വാഹനങ്ങൾ മേയ് 4 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ ഇന്ധനച്ചെലവും ഡ്രൈവർമാരുടെ ഭക്ഷണച്ചെലവും മുൻകൂറായി ലഭിക്കാറുണ്ടായിരുന്നു.
എന്നാൽ ഇത്തവണ അത്തരം മുൻകരുതലുകൾ ഉണ്ടായില്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർമാരും ജീവനക്കാരും സ്വന്തം കയ്യിൽ നിന്നാണ് ഇന്ധനത്തിനും മറ്റുമുള്ള തുക ചെലവാക്കിയത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിവിധയിടങ്ങളിൽ എത്തിയ പൊലീസുകാരെയും വഹിച്ചുകൊണ്ട് കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും ഉൾപ്പെടെ ഈ വാഹനങ്ങൾ ഓടിയിരുന്നു. സർക്കാരിന്റെ ഔദ്യോഗിക ആവശ്യമായതിനാൽ തുക വേഗത്തിൽ ലഭ്യമാകുമെന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത് വലിയ തിരിച്ചടിയായി. അന്വേഷണങ്ങൾ നടത്തുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും, നിലവിൽ വിനോദസഞ്ചാര സീസൺ അല്ലാത്തതിനാൽ വരുമാനം കുറഞ്ഞ സാഹചര്യമാണെന്നും ഉടമകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര വകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുമായുള്ള ആദ്യ ചർച്ചയിൽ ലഭിച്ച മറുപടി. തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

