തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്. ജനുവരി 9-ന് പൊങ്കല്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട
തടസ്സങ്ങളെത്തുടര്‍ന്ന് ആറു മാസത്തോളമായി വൈകുകയായിരുന്നു. ഈ ഇടവേളയില്‍ തമിഴ്നാട് തിരഞ്ഞെടുപ്പും തുടര്‍ന്ന് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതും വലിയ വാര്‍ത്തയായിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച 12 മാറ്റങ്ങളോടെയാകും ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. അണിയറ പ്രവര്‍ത്തകര്‍ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യുകയും, 10 സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് പകരം പുതിയവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സെന്‍സര്‍ നടപടികള്‍ക്ക് ശേഷം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 183 മിനിറ്റും 11 സെക്കന്റുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ എ (A) സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് യുകെയില്‍ 15 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.
യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്ടെയ്ന്മെന്റ്, തങ്ങളുടെ നാട്ടില്‍ കട്ടുകളില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കന്നഡയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിജയ്ക്കൊപ്പം മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ഗൗതം വസുദേവ് മേനോന്, പ്രിയാമണി, നരെയ്ന് തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും സത്യന് സൂര്യന് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
പ്രദീപ് ഇ രാഘവ് എഡിറ്റിംഗും വി സെല്‍വകുമാര്‍ പ്രൊഡക്ഷന്‍ ഡിസൈനും കൈകാര്യം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

