ബെംഗളൂരു നഗരത്തിൽ ഓൺലൈൻ ഷോപ്പിംഗ് പാർസൽ എത്തിക്കാനായി വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരൻ അതിക്രമം നടത്തിയതായി പരാതി. വീട്ടിൽ അതിക്രമിച്ച് കയറിയ ഡെലിവറി ഏജൻറ് അശ്ലീലമായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവതി ആരോപിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ യുവതി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിഷയം പുറംലോകമറിയുന്നത്. പാർസൽ കൈമാറിയ ശേഷം ശുചിമുറി ഉപയോഗിക്കാൻ ഡെലിവറി ജീവനക്കാരൻ അനുവാദം ചോദിക്കുകയായിരുന്നു.
വീട്ടിൽ താൻ ഒറ്റയ്ക്കായതിനാൽ പലതവണ ഇത് നിഷേധിക്കുകയും പുറത്ത് മറ്റെവിടെയെങ്കിലും സൗകര്യം കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തതായി യുവതി വ്യക്തമാക്കി. എന്നാൽ, ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങി അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
ഈ സംഭവങ്ങൾ തനിക്ക് കനത്ത മാനസികാഘാതം ഏൽപ്പിച്ചതായി യുവതി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ ബെംഗളൂരു പൊലീസ് വിഷയത്തിൽ ഇടപെടുകയും പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 22-കാരനായ ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഡെലിവറി സേവനങ്ങളിലെ ഉപഭോക്തൃ സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനികൾ കർശനമായ പശ്ചാത്തല പരിശോധനയും മാർഗനിർദേശങ്ങളും നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
വിവാദമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഫ്ലിപ്കാർട്ട്, ആരോപണ വിധേയനായ ജീവനക്കാരനെ സർവീസിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

