പൊതുഗതാഗത മേഖലയുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിനുള്ളതെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി. കെഎസ്ആർടിസിയെ അവഗണനയിലേക്ക് തള്ളിവിടില്ലെന്നും, മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പ്രതാപം സ്ഥാപനത്തിന് വീണ്ടെടുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഡ്രൈവേഴ്സ് യൂണിയൻ ഹാളിൽ കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയൻ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ പൂർണമായ വിശ്വാസം നേടിയെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ നയങ്ങൾക്കനുസൃതമായി പുതിയ ബസ്സുകൾ വാങ്ങുന്നതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കും. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കെഎസ്ആർടിസിയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രിയദർശിനി ബസ് സർവീസിന്റെ വരവോടെ കെഎസ്ആർടിസിയുടെ സേവന നിലവാരം മെച്ചപ്പെട്ടുവെന്നും ഇതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ എന്ന നിലയിൽ, കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതും കാർഗോ സംവിധാനം ശക്തിപ്പെടുത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ജീവനക്കാർ കെഎസ്ആർടിസിയുടെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്നും, മികച്ച ഇന്ധനക്ഷമത പ്രകടമാക്കുന്ന ഡ്രൈവർമാർക്ക് നൽകുന്ന പാരിതോഷിക തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.എസ്.ശിവകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെഎസ്ആർടിസിയെ ശക്തിപ്പെടുത്തുന്നതിനായി കെ-സ്വിഫ്റ്റ് കമ്പനിയെ ലയിപ്പിക്കണമെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങളും സ്പെഷ്യൽ അലവൻസുകളും കൃത്യമായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബദലി ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഡ്രൈവർ യൂണിയൻ ജനറൽ സെക്രട്ടറി സോണി. ടി സ്വാഗതവും, ജോയിൻ സെക്രട്ടറി കാലടി നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ എ ഡി ബിജു, ജോബി അഗസ്റ്റിൻ, പി എം പ്രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

