വിയറ്റ്നാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ രണ്ട് മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ വി തോമസ്, ഭാര്യ ലൗനി എന്നിവരാണ് അപകടത്തിൽപ്പെട്ട
ബോട്ടിലുണ്ടായിരുന്ന മലയാളികൾ. തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു അപകടത്തിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായിരുന്ന ഇദ്ദേഹം, മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി കമ്പനി സ്പോൺസർ ചെയ്ത വിദേശ യാത്രയിലായിരുന്നു. മരണപ്പെട്ടവരിൽ 13 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.
21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘മേ റൂട്ട്’ എന്ന ബോട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
യാത്ര തുടങ്ങി 400 മീറ്റർ പിന്നിട്ടപ്പോൾ ഉച്ചയ്ക്ക് ഒന്നോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിയറ്റ്നാം ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സൈന്യവും പൊലീസും സിവിൽ രക്ഷാപ്രവർത്തകരും ചേർന്നുള്ള രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
വിയറ്റ്നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

