സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ റോപ്വേ നിർമിക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയെന്ന വാർത്ത വലിയ പ്രതീക്ഷയാണ് നൽകുന്നത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പി.കെ. ബഷീർ ആണ് ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിലെ റോപ്വേ പദ്ധതികൾ യാഥാർഥ്യമാകുമെന്ന് അറിയിച്ചത്.
എന്നാൽ, ഇതിനൊപ്പം ഏറെക്കാലമായി ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന പൊന്മുടി–ബ്രൈമൂർ റോപ്വേ പദ്ധതിയുടെ അനിശ്ചിതത്വം പ്രദേശവാസികളിലും വിനോദസഞ്ചാര മേഖലയിലും ആശങ്ക പരത്തുകയാണ്. പദ്ധതിയുടെ ചരിത്രം
2016-ലെ എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു റോപ്വേ പദ്ധതി.
തുടർന്ന് 2017-ൽ അന്നത്തെ എംഎൽഎ ഡി.കെ. മുരളി ശ്രദ്ധക്ഷണിക്കലിലൂടെ വിഷയം ഉന്നയിച്ചപ്പോൾ, റോപ്വേ നിർമാണത്തിനും സാങ്കേതിക പഠനത്തിനുമായി തുക വകയിരുത്തുമെന്ന് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഉറപ്പുനൽകിയിരുന്നു.
2024-ലെ ബജറ്റിൽ ഈ പദ്ധതിയുടെ പഠനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടികൾ ഒരു യോഗത്തിൽ മാത്രം ഒതുങ്ങിപ്പോയതായാണ് ആക്ഷേപം. അനിശ്ചിതത്വത്തിൽ തുടരുന്ന പൊന്മുടി
പർവതമാല പരിയോജന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നേരത്തെ പൊന്മുടിയിൽ പഠനം നടത്തിയിരുന്നു.
വയനാട്ടിലടക്കം പദ്ധതികൾക്ക് അനുമതി ലഭിക്കുമ്പോൾ പൊന്മുടി–ബ്രൈമൂർ പദ്ധതി മാത്രം എങ്ങുമെത്താത്ത സാഹചര്യം നിലനിൽക്കുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ടൂറിസം സാധ്യതകൾ
പൊന്മുടി–ബ്രൈമൂർ റോപ്വേയോ കാനന പാതയോ യാഥാർഥ്യമായാൽ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. നിലവിൽ റോഡ് മാർഗം സഞ്ചരിക്കുമ്പോൾ 50 കിലോമീറ്ററിലധികം ദൂരമുണ്ട്.
വിതുര, പെരിങ്ങമ്മല വഴി വളഞ്ഞുപോകുന്ന ഈ ദൂരം റോപ്വേ വരുന്നതോടെ 20 കിലോമീറ്ററിൽ താഴെയായി ചുരുങ്ങും. യാത്രാദൂരം കുറയുന്നത് വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുമെന്നും മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നുമാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

