വാഷിംഗ്ടണ്‍: വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും വന്യജീവികളെയും പതിറ്റാണ്ടുകളായി സംരക്ഷിച്ചുപോന്ന സുപ്രധാന പരിസ്ഥിതി നിയമത്തില്‍ വലിയ മാറ്റങ്ങളുമായി അമേരിക്കന്‍ ഭരണകൂടം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസവ്യവസ്ഥകളില്‍ ഇനിമുതല്‍ എണ്ണ ഖനനം, കൃഷി, റിയല്‍ എസ്റ്റേറ്റ് വികസനം, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിച്ചുകൊണ്ടുള്ള പുതിയ ഭേദഗതികള്‍ക്ക് ആഭ്യന്തര-വാണിജ്യ വകുപ്പുകള്‍ അന്തിമരൂപം നല്കി.
വന്യജീവികളെ നേരിട്ട് വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും മാത്രമാണ് ഇനിമുതല്‍ നിയമവിരുദ്ധമായി കണക്കാക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വരും ദിവസങ്ങളില്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കും.
1973-ല്‍ നിലവില്‍ വന്ന ‘എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്ട്’ പ്രകാരം വന്യജീവികളുടെ ആവാസസ്ഥലങ്ങള്ക്ക് നാശം വരുത്തുന്നതും അവരുടെ ഭക്ഷണ ലഭ്യതയെയും വംശവര്‍ദ്ധനവിനെയും ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകളും കുറ്റകരമായിരുന്നു. ഈ ചരിത്രപ്രസിദ്ധമായ നിയമം 1995-ല്‍ യുഎസ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു.
എന്നാല്‍, നിലവിലെ നിര്‍വചനങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ബിസിനസ്സ് മേഖലയുടെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം നടത്തിയ പ്രതികരണം ഇങ്ങനെ: “വര്‍ഷങ്ങളായി ഫെഡറല്‍ ഏജന്‍സികള്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ്.
ഇത് നിയമപരമായ ഭൂവിനിയോഗത്തെ തടസ്സപ്പെടുത്തുന്നു. വ്യവസായങ്ങള്‍ക്ക് ബാധ്യതയാവുന്നു.
പുതിയ പരിഷ്കാരം വന്യജീവി സംരക്ഷണത്തോടൊപ്പം സ്വകാര്യ സ്വത്തവകാശത്തെയും ബഹുമാനിക്കുന്നതാണ്.” കൂടാതെ, ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്നിക് വ്യക്തമാക്കുകയുണ്ടായി. അതേസമയം, പരിസ്ഥിതി സംഘടനകളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ആവാസസ്ഥലങ്ങളുടെ നാശമാണ് പല ജീവിവര്‍ഗ്ഗങ്ങളുടെയും വംശനാശത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി ‘എര്‍ത്ത് ജസ്റ്റിസ്’ പോലുള്ള സംഘടനകള്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, മെക്സിക്കോ ഉള്‍ക്കടലിലെ വംശനാശഭീഷണി നേരിടുന്ന റൈസസ് തിമിംഗലങ്ങളുടെ സംരക്ഷിത മേഖലയില്‍ എണ്ണ-വാതക ഖനനത്തിന് അനുമതി നല്കിയ നടപടിയും ഏറെ വിവാദമായിരുന്നു.
പുതിയ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചാലും, നിലവിലെ യാഥാസ്ഥിതിക ചായ്വുള്ള സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമോ എന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

