കണ്ണൂർ ചാലോട് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് അഞ്ചുപേരുമായി സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കണ്ണൂർ സ്വദേശികളായ ഷാൻ, റിസ്വാൻ, ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരാണ് മരണപ്പെട്ടത്.
കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാനിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കളോടൊപ്പം ബെംഗളൂരുവിൽനിന്ന് വരികയായിരുന്നു ഇവർ.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏകദേശം അരമണിക്കൂർ മാത്രം ശേഷിക്കെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചാലോട് ഭാഗത്തുനിന്നുള്ള ഇറക്കത്തിൽ വെച്ച് കാർ മരത്തിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കാറിന് തീപിടിക്കുകയും ചെയ്തിരുന്നു.
നാട്ടുകാർ ചേർന്ന് പൈപ്പിൽ വെള്ളം ചീറ്റിയാണ് തീയണച്ചത്. തുടർന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
മുൻസീറ്റിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ച മറ്റ് മൂന്നുപേരുടെ ജീവനും രക്ഷിക്കാനായില്ല.
വാഹനത്തിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

