സംസ്ഥാനത്ത് ബിജെപി ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് വ്യാജരേഖ പ്രചരിപ്പിച്ച സംഭവത്തിൽ പാർട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് പാർട്ടിക്കുള്ളിൽത്തന്നെ ഒരു വിഭാഗം ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കണക്കുകളിൽ ക്രമക്കേട് നടന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ഇത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ ദുർബലപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പ് മാനേജ്മെന്റ് മികച്ച രീതിയിലാണ് നടന്നതെന്നും, കണക്കുകൾ സംബന്ധിച്ച് ഓഡിറ്റിംഗ് പൂർത്തിയാക്കി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചതാണെന്നും ഔദ്യോഗിക വിഭാഗം വ്യക്തമാക്കി. കൊടി നിർമ്മാണം, ഹെലികോപ്റ്റർ, കാർ വാടക എന്നിവയിൽ വെട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ ഉയർന്നുവെങ്കിലും, ടെൻഡർ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തവർക്കാണ് കരാറുകൾ നൽകിയതെന്ന് നേതൃത്വം വിശദീകരിക്കുന്നു.
കരാറുകൾ ലഭിക്കാതെ പോയവരുടെ അതൃപ്തിയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
പരാതികളിൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും, സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഒരുതരത്തിലുമുള്ള അച്ചടക്ക നടപടികളും സ്വീകരിച്ചിട്ടില്ലെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

