അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അസാധുവായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായി. ഇറാനിലെ ഏകദേശം 90ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി, അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തി.
ബുഷേർ, ബന്ദർ അബ്ബാസ്, സിറിക്, അബു മൂസ ദ്വീപ്, ഖാർഗ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. ഈ സാഹചര്യത്തിൽ, ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തി വികസിപ്പിച്ച ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്ന മേഖലയിൽ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇത് ഇന്ത്യയുടെ വിദേശനയത്തെയും വാണിജ്യ താല്പര്യങ്ങളെയും സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അമേരിക്കൻ ഭരണകൂടം ചബഹാർ തുറമുഖത്തിന് ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.
തുടർന്ന് ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് നൽകിയിരുന്ന ഉപരോധ ഇളവ് ഈ വർഷം ഏപ്രിലോടെ അവസാനിച്ചു. ഇതിനു പിന്നാലെ അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതും മേഖലയിലെ സ്ഥിതി വഷളാക്കി.
സംഘർഷം ലഘൂകരിക്കുന്നതുവരെ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇറാനിയൻ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി നിഷേധിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ് ചബഹാർ തുറമുഖം.
പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാൻ, ഇറാൻ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് ഇന്ത്യ കണ്ടെത്തിയ പ്രധാന മാർഗ്ഗമാണിത്. കൂടാതെ, റഷ്യയിൽ നിന്ന് മധ്യേഷ്യ വഴി ഇറാനിലേക്ക് നീളുന്ന 7,000 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷനൽ നോർത്ത്-സൗത്ത് ഗതാഗത ഇടനാഴി (INSTC) യുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികൂടിയാണിത്.
ചബഹാർ മുതൽ അഫ്ഗാൻ അതിർത്തിയിലെ സഹെദാൻ വരെ നീളുന്ന 700 കിലോമീറ്റർ റെയിൽവേ ഇടനാഴി പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതിനിടെയാണ് പുതിയ യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുന്നത്. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ച് ചൈന നടത്തുന്ന സാമ്പത്തിക ഇടനാഴി പദ്ധതികൾക്ക് (CPEC) ഇന്ത്യ നൽകുന്ന ബദൽ മാർഗ്ഗം കൂടിയാണ് ഈ തുറമുഖം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

