കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ച് ബസുടമകൾ പ്രതിഷേധം രേഖപ്പെടുത്തി. കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി സർവീസുകളെ വൻ സാമ്പത്തിക നഷ്ടത്തിലാക്കിയെന്ന് ബസുടമകൾ ആരോപിക്കുന്നു.
നിലവിലെ പ്രവർത്തനച്ചെലവും വരുമാനവും തമ്മിലുള്ള വലിയ അന്തരം സർവീസുകൾ തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കിയതായി ഇവർ വ്യക്തമാക്കുന്നു. പ്രതിസന്ധിയുടെ കണക്കുകൾ ഗ്രാമീണ മേഖലകളിലൂടെ പ്രതിദിനം ചുരുങ്ങിയത് ഒൻപത് സർവീസുകൾ നടത്തുന്ന ബസുകൾക്ക് ഇന്ധനച്ചെലവ് മാത്രം 4,500 മുതൽ 5,000 രൂപ വരെ വരുന്നുണ്ട്.
ഒരു ലീറ്റർ ഡീസലിൽ ശരാശരി 3.5 കിലോമീറ്റർ മാത്രമാണ് ബസുകൾ ഓടുന്നത്. ഇന്ധനവില വർധനയ്ക്ക് മുൻപ് പ്രതിദിനം 9,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ 6,000 മുതൽ 7,000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
ജീവനക്കാരുടെ പ്രതിദിന വേതനം 1,000 മുതൽ 1,200 രൂപ വരെയാണ്. എന്നാൽ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിൽ, തൊഴിലാളികൾ 500 രൂപ മാത്രം കൂലി വാങ്ങി ഉടമകളോട് സഹകരിക്കുന്നുണ്ട്.
ഇതിനു പുറമെ വാഹന നികുതി, ഇൻഷുറൻസ്, ഫിനാൻസ് തിരിച്ചടവ്, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള തുക കണ്ടെത്തുന്നത് വലിയ ഭാരമായി മാറിയിരിക്കുന്നു. സർക്കാർ ദിവസ നികുതിയിൽ 130 മുതൽ 150 രൂപ വരെ കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പക്ഷം.
ഉടമകളുടെ പ്രധാന ആവശ്യങ്ങൾ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക, ഡീസൽ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ച് ബസുകൾ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ജില്ലയിലെ സ്വകാര്യ ബസുകളിലെ 60 ശതമാനം യാത്രക്കാരും സ്ത്രീകളാണ്.
കൂടാതെ, ജില്ലയിലെ 80 ശതമാനം ബസുകൾക്കും പ്രവർത്തനച്ചെലവിനുള്ള വരുമാനം ലഭിക്കുന്നില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന റൂട്ടുകൾ
സ്വകാര്യ ബസുടമകളുടെ കണക്കുകൾ പ്രകാരം താഴെ പറയുന്ന റൂട്ടുകളിലാണ് കൂടുതൽ നഷ്ടം അനുഭവപ്പെടുന്നത്:
– കെകെ റോഡ് (ദേശീയപാത 183)
– എംസി റോഡ്
– ഏറ്റുമാനൂർ – പാലാ
– കോട്ടയം – കോഴഞ്ചേരി
– കോട്ടയം – ചേർത്തല
– പാലാ – പൊൻകുന്നം
– പാലാ – വൈക്കം
– വൈക്കം – എറണാകുളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

