കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർണായക നടപടി സ്വീകരിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കൊൽക്കത്ത യൂണിറ്റ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
കെയർവെൽ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് ഇത്തരമൊരു നീക്കം. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ 82.96 കോടി രൂപ പുതിയതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് മാറ്റിയതായും വിവരമുണ്ട്. ആകെ 112 കോടി രൂപ ചെലവഴിച്ച് ഒരു ‘എംബ്രായർ ലെഗസി 600’ വിമാനവും, ‘അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ’ ഹെലികോപ്റ്ററും വാങ്ങിയതായി ഇഡി വ്യക്തമാക്കി.
ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്സ് ആസ്ഥാനമായുള്ള വിദേശ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈട് രഹിത വായ്പയായി നേടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിമാനവും ഹെലികോപ്റ്ററും പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, പിന്നീട് തൃണമൂൽ കോൺഗ്രസിന് തന്നെ വാടകയ്ക്ക് നൽകുകയും ചെയ്തതായാണ് ആരോപണം.
പാർട്ടി ഫണ്ടിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ വിമത നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം ചർച്ചയായത്. ഇതിനു പിന്നാലെ ഇഡി അന്വേഷണം ശക്തമാക്കുകയായിരുന്നു.
അതേസമയം, ഇഡിയുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. പാർട്ടിയുടെ ഫണ്ടുകൾ സുതാര്യമാണെന്നും, എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനും കൃത്യമായി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ഉപയോഗിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

