ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് മഷ്ഹദിൽ നടക്കും. ഇതിനിടെ, മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയും ഒളിവിൽ തുടരുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്നത്തെ മഷ്ഹദിലെ സംസ്കാര ചടങ്ങിലും അദ്ദേഹം പങ്കെടുക്കില്ല. ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മുജ്തബ ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത് ഈ ആക്രമണത്തിലായിരുന്നു. അന്തരിച്ച ഖമനയിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ നടന്നു.
ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിയ മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ള പ്രമുഖർ ചേർന്ന് ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും നജാഫിലെ വിലാപയാത്രയിൽ പങ്കെടുത്തു.
ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ ചടങ്ങുകൾ കൂടി പൂർത്തിയാക്കിയ ശേഷം ഭൗതികദേഹം ഇറാനിലേക്ക് തിരികെ എത്തിക്കും.

