തൊഴിലിടങ്ങളിലെ അമിതമായ സമ്മർദ്ദവും മാനേജ്മെന്റിന്റെ പെരുമാറ്റരീതികളും ചർച്ചയാകുന്നു. നിശ്ചിത ജോലിസമയം കഴിഞ്ഞുറങ്ങിയ ജീവനക്കാരന്റെ അമ്മയോട് കമ്പനി അധികൃതർ ഫോണിലൂടെ അപമര്യാദയായി പെരുമാറിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് ജീവനക്കാരൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വെളിപ്പെടുത്തിയത്. 23,000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുന്ന യുവാവ് രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെയുള്ള ഷിഫ്റ്റ് പൂർത്തിയാക്കി വീട്ടിലെത്തിയിരുന്നു.
കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മരുന്ന് കഴിച്ച് വിശ്രമിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, പുലർച്ചെ 2 മണിയോടെ ഒരു പ്രോജക്റ്റ് ഡെഡ്ലൈനിന്റെ പേരിൽ കമ്പനി അധികൃതർ വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ വഴി നിരന്തരം വിളിക്കുകയായിരുന്നു.
ഫോൺ ബെല്ലടിച്ചതിനെത്തുടർന്ന് ഉണർന്ന യുവാവിന്റെ അമ്മ കോൾ അറ്റൻഡ് ചെയ്തു. മകന്റെ വിവരങ്ങൾ അന്വേഷിക്കുന്നതിന് പകരം, അമ്മയോട് കമ്പനി അധികൃതർ ദേഷ്യപ്പെടുകയാണ് ചെയ്തത്.
“ഇതെന്നെ വളരെയധികം അസ്വസ്ഥനാക്കി. ഡെഡ്ലൈനുകൾ ഉണ്ടാകാമെന്നും ചിലപ്പോൾ അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്നും എനിക്കറിയാം.
എന്നാൽ ദിവസം മുഴുവൻ ഓഫീസിൽ ജോലി ചെയ്തതിന് ശേഷം പുലർച്ചെ 2 മണി വരെ ഒരാൾ ഉണർന്നിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതും, ഫോൺ എടുത്ത എന്റെ അമ്മയോട് ഇത്തരത്തിൽ സംസാരിച്ചതും ഒട്ടും അംഗീകരിക്കാൻ കഴിയില്ല” എന്ന് യുവാവ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, ഇത് ഒരു ഫുൾ ടൈം ജോലിയാണെന്നും ഈ സമയത്ത് ജീവനക്കാരൻ ഉറങ്ങുന്നത് തികഞ്ഞ പ്രൊഫഷണലിസമില്ലായ്മയാണെന്നും മാനേജ്മെന്റ് അമ്മയോട് കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ ജോലിയിൽ തുടരണോ അതോ പുറത്തുവരണോ എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധിപേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
അധികൃതരുടെ ഇത്തരം പെരുമാറ്റം തീർത്തും അപലപനീയമാണെന്നും പുതിയ തൊഴിൽ തേടാൻ യുവാവിനോട് നിർദ്ദേശിക്കുന്നവരും നിരവധിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

