ദേശീയതലത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട
വിവരങ്ങൾ പുറത്തായെന്നും, സോഷ്യോളജി പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ചോർന്നിട്ടുണ്ടെന്നും അദ്ദേഹം തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരന്തരം പരാതികൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) കൈവശം മാത്രം സുരക്ഷിതമായിരിക്കേണ്ട ചോദ്യപേപ്പർ നിർമ്മാണവുമായി ബന്ധപ്പെട്ട
100 പേജുള്ള പിഡിഎഫ് ഫയൽ പരീക്ഷയ്ക്ക് തൊട്ടുമുൻപ് വ്യാപകമായി പ്രചരിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ രേഖയിലുള്ള തൊണ്ണൂറോളം ചോദ്യങ്ങൾ യഥാർത്ഥ സോഷ്യോളജി ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചത്. വരാനിരിക്കുന്ന സിഎസ്ഐആർ-നെറ്റ് (CSIR-NET), എച്ച്ടിഇടി (HTET), എഡിഎ (ADA) പരീക്ഷകളുടെ ചോദ്യപേപ്പറുകളും ലഭ്യമാക്കാമെന്ന് ഈ സംഘം വാഗ്ദാനം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു:
‘‘നീറ്റ് പരീക്ഷാ ചോർച്ചയ്ക്ക് തൊട്ടുപിന്നാലെ യുജിസി നെറ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തികച്ചും ഞെട്ടിക്കുന്നതാണ്. ലക്ഷക്കണക്കിനു വിദ്യാർഥികൾ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ചതിനൊന്നും മോദി സർക്കാരിന്റെ കണ്ണിൽ യാതൊരു വിലയുമില്ല.
നീറ്റ്, നെറ്റ് പരീക്ഷകളിൽ തുടർച്ചയായി അഴിമതികൾ നടന്നിട്ടും സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രധാനമന്ത്രിയിൽ നിന്നോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയിൽ നിന്നോ ഉത്തരവാദിത്തമുള്ള നിലപാടോ നടപടിയോ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് രാജ്യം മുഴുവൻ അറിയാം.
കൃത്യമായ അന്വേഷണമോ വിദ്യാർഥികൾക്ക് നീതിയോ ലഭിക്കില്ല. ഇനി രാജ്യത്തെ വിദ്യാർഥികളുടെ കൂട്ടായ ശബ്ദം മാത്രമാണ് മാറ്റത്തിനുള്ള ഏക വഴി.
അത് ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു വഴിയൊരുക്കും’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

