മലപ്പുറം: വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മങ്കേരി കട്ടച്ചിറ കബീർ (39) ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് സംഭവം നടന്നത്. പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതി, ട്രാഫിക് നിയന്ത്രണത്തിൽ ഏർപ്പെട്ടിരുന്ന പൊലീസുകാരനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ബസ്സിൽ നിന്ന് ഒരു വസ്തു എറിയുകയായിരുന്നു. ഇതിനുശേഷം പൊതുജനമധ്യത്തിൽ വെച്ച് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് കേസെടുത്തു. തുടർന്ന് സബ് ഇൻസ്പെക്ടർ എം.
നിർമലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ മോഷണം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

