കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്ത് പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനി ഓഫീസ് തിങ്കളാഴ്ച രാവിലെ അടഞ്ഞുകിടന്നത് ജീവനക്കാർക്കിടയിൽ ആശങ്ക പടർത്തി. തൊഴിൽ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് കൊച്ചിയിൽ ചർച്ചകൾ നടക്കുന്ന സമയം വരെ നടപടികൾ മരവിപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പിനെത്തുടർന്ന് ജീവനക്കാർ രാവിലെ ജോലിസ്ഥലത്തെത്തിയിരുന്നു.
എന്നാൽ, ഓഫീസിന്റെ താക്കോലുമായി അധികൃതർ കടന്നുകളഞ്ഞതിനാൽ അവർക്ക് അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ ഉടമസ്ഥരായ ഇൻഡിക്യൂബ് അധികൃതരും ഓഫീസ് അടച്ചുപൂട്ടിയതായും ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിർദ്ദേശം ലഭിച്ചതായും വ്യക്തമാക്കി.
സ്ഥാപനത്തിലെ ജീവനക്കാരനായ പ്രണവ് എരച്ചന്തൊടിക വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ: “2022 ലാണ് കോറോ ഹെൽത്ത് കമ്പനി ഇവിടെ പ്രവർത്തനം തുടങ്ങിയത്. ജോലിയിൽ ഗുണനിലവാരമില്ലെന്ന് ആരോപിച്ചു പലരെയും പുറത്താക്കുന്നത് സ്ഥാപനത്തിൽ പതിവായിരുന്നു.
എല്ലാവർക്കും ഒരുമിച്ച് ജോലി നഷ്ടപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷ.” മുഹമ്മദ് റിയാസ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ തൊഴിലാളി സംഘടനാ നേതാക്കളും സംഭവസ്ഥലത്തെത്തി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെയും തൊഴിൽ മന്ത്രിയുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് വരെ 10-ാം തീയതി വരെ ജോലിയിൽ തുടരാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ജീവനക്കാർ പിരിഞ്ഞുപോയത്.
പ്രതിഷേധം ശക്തമാകുന്നു
അന്യായമായ പിരിച്ചുവിടലിൽ പ്രതിഷേധിച്ച് ജൂലൈ 7-ന് രാവിലെ 11-ന് സിഐടിയുവിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ചുങ്കത്തെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലാഭക്കൊതിയും തൊഴിൽ നിയമലംഘനവും
കമ്പനി വൻ ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഇത്തരമൊരു നടപടിയെന്ന് ജീവനക്കാർ ആരോപിക്കുന്നു.
കേരളത്തിലെ ഓഫീസുകൾ അടച്ചുപൂട്ടുമ്പോൾ തന്നെ കോയമ്പത്തൂർ, ഹൈദരാബാദ്, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ഉദ്യോഗസ്ഥരെ കമ്പനി നിയമിക്കുന്നുണ്ട്. കുറഞ്ഞ വേതനത്തിൽ കൂടുതൽ ജോലി ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഇടപെടൽ അനിവാര്യം
തൊഴിൽ നിയമങ്ങൾ ലംഘിച്ചുള്ള ഈ കൂട്ടപിരിച്ചുവിടലിനെതിരെ ശക്തമായ നിലപാടാണ് മുഹമ്മദ് റിയാസ് എംഎൽഎ സ്വീകരിച്ചത്. “ഇന്ത്യയിലെ തൊഴിൽനിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണു ജീവനക്കാരെ പിരിച്ചുവിട്ടത്.
പുതിയ ലേബർകോഡ് നടപ്പാക്കില്ലെന്ന് തീരുമാനിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് 2 മാസത്തെ ശമ്പളം നൽകി ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു പിരിച്ചുവിടൽ ഉണ്ടാകാൻ അനുവദിച്ചിട്ടില്ല. കോറോ ഹെൽത്തിൽ ഉണ്ടായത് തൊഴിൽ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും” അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

