തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
വിനോദസഞ്ചാര കേന്ദ്രമായ കുമ്പിച്ചൽകടവ് പാലം കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അശ്രദ്ധമായി മാറിയതിനെത്തുടർന്ന് വാഹനം അപ്രതീക്ഷിതമായി മുന്നോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു.
ഈ സമയത്ത് വാഹനത്തിന് മുന്നിലുണ്ടായിരുന്ന കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ശരീരത്തിലൂടെ വാഹനം കയറിയാണ് മരണമുണ്ടായത്.

