കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) ആണ് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്.
മെയ് 22-ന് രാത്രി 7.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജാനൂർ ഗ്രാമത്തിലെ മടിയനിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനം വഴിയാണ് ലഹരിമരുന്ന് അയക്കാൻ പ്രതി ശ്രമിച്ചത്.
പാർസലിൽ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കുന്നതിനായി പ്രതി നൽകിയ വിലാസം അപൂർണ്ണമായിരുന്നു.
കൃത്യമായ മേൽവിലാസം നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ പരിഭ്രാന്തനായ പ്രതി, പാഴ്സൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം ഹോസ്ദുർഗ് പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം 1.580 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്താരിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.
ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർമാരായ ജിതിൻ കെ.വി, നീതു തച്ചഞ്ചേരി, പ്രേമൻ സിവി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാകേഷ് എ.വി, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് എൻ.വി, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിൽ പങ്കാളികളായത്.
ഈ മയക്കുമരുന്ന് കടത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

